കാട്ടാക്കട: കോട്ടൂർ കാപ്പുകാട് വനത്തിൽ മൃഗങ്ങളെ തുറന്നുവിട്ട് തിരികെ എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. വന്യമൃഗങ്ങളുടെ ശല്യത്തിൽ പൊറുതി മുട്ടുന്ന തങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനു പകരം കൂടുതൽ മൃഗങ്ങളെ തുറന്നുവിട്ട നടപടിയിൽ പ്രതിഷേധിച്ചാണ് വാഹനം തടഞ്ഞത്. ശനിയാഴ്ച രാത്രി 9 ഓടെയായിരുന്നു സംഭവം. പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. മൃഗങ്ങളെ പിടികൂടി തിരികെ കൊണ്ടു പോകണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും തമ്മിൽ തർക്കമുണ്ടായി. തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ പിരിഞ്ഞുപോകില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ഡി.എഫ്.ഒയെ വിവരം അറിയിച്ചു. തുടർന്ന് ഇന്ന് ഡി.എഫ്.ഒ, പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരുൾപ്പെട്ടവരുടെ യോഗം വിളിച്ചു പരിഹാരം കാണാമെന്ന ഉറപ്പിന്മേലാണ് നാട്ടുകാർ പിരിഞ്ഞുപോയത്. അതേസമയം വാനരന്മാരെ കാട്ടിനുളിൽ തുറന്നുവിട്ടെന്ന് ആരോപിച്ചാണ് നാട്ടുകാർ വാഹനം തടഞ്ഞത്. എന്നാൽ മരപ്പട്ടിയേയാണ് തങ്ങൾ തുറന്നുവിട്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.