തിരുവനന്തപുരം:ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി അകന്ന ബന്ധുവിന് നൽകിയ നിയമനം റദ്ദാക്കില്ലെന്ന് മന്ത്രി കെ. ടി. ജലീൽ പറഞ്ഞു. വിവാദം മുറുകവേയാണ് മന്ത്രി പത്രസമ്മേളനം നടത്തി നിലപാട് വ്യക്തമാക്കിയത്.ഡെപ്യൂട്ടേഷനിൽ നിയമിച്ചത് സർക്കാരിനുള്ള അധികാരം ഉപയോഗിച്ചും കീഴ് വഴക്കങ്ങൾ പാലിച്ചുമാണ്.നേരിട്ടു വിളിച്ചും പത്രങ്ങളിൽ പരസ്യം നൽകിയുമാണ് ഡെപ്യൂട്ടേഷൻ നിയമനം നടത്താറുള്ളത്. കെ. എസ്. ആർ. 9 എ അനുസരിച്ച് സർക്കാരിന് അതിനുള്ള അധികാരമുണ്ട്. ബന്ധുവായിപ്പോയതിനാൽ അവകാശങ്ങൾ നിഷേധിക്കുന്നത് ശരിയല്ല.
യോഗ്യതയിൽ ബി.ടെക് ഉൾപ്പെടുത്തിയത് കരുതികൂട്ടി ചെയ്തതല്ല. എന്നാൽ, പത്രത്തിൽ പരസ്യം നൽകുന്നതിന് ഒരാഴ്ച മുമ്പാണ് ബി.ടെക് നിബന്ധന ഉൾപ്പെടുത്തിയതെന്ന് അദ്ദേഹം സമ്മതിച്ചു.
ബാങ്ക് ജനറൽ മാനേജർ പദവിയിൽ നിന്ന് ആരും ന്യൂനപക്ഷ ധനകാര്യകോർപറേഷനിലേക്ക് ഡെപ്യൂട്ടേഷനിൽ വരുന്നില്ല. തന്റെ പിതൃസഹോദരന്റെ മകന്റെ മകനെ ഡെപ്യൂട്ടേഷനിൽ നിർബന്ധിച്ച് കൊണ്ടുവന്ന് നിയമിച്ചത് കോർപറേഷൻ ചെയർമാൻ അബ്ദുൽവഹാബ് എം.പി.യാണ് . അതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ല.
ആരോപണം ഉന്നയിച്ച ലീഗ് നേതാക്കൾക്ക് സ്വാർത്ഥതാൽപര്യമാണ്. 80 കോടിരൂപ ഇതുവരെ വായ്പ നൽകിയ കോർപറേഷനിൽ 16കോടി കിട്ടാകടമാണ്. കൂടുതലും ലീഗ് നേതാക്കൾക്കോ, ബിനാമികൾക്കോ ആണ് നൽകിയത്. ഇതെല്ലാം തിരിച്ചുപിടിക്കുമെന്ന ഭീതിയാണ് ആരോപണത്തിന് പിന്നിൽ.കോർപറേഷന് നോൺബാങ്കിംഗ് ലൈസൻസ് ലഭിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താനും കമ്പ്യൂട്ടർവൽക്കരണം നടപ്പാക്കാനുമാണ് ബാങ്കിംഗ് മേഖലയിൽ പത്തുവർഷത്തെ പരിചയമുള്ള ബന്ധുവിനെ നിയമിച്ചതെന്നും മന്ത്രി പറഞ്ഞു.