ksrtc-strike
KSRTC strike

തിരുവനന്തപുരം:പതിവ് അസംബന്ധ നാടകത്തിന്റെ അകമ്പടിയോടെ വീണ്ടും ബസ് ചാർജ് വർദ്ധിപ്പിക്കാൻ നീക്കം തുടങ്ങി. ഡ‌ീസൽ വില വർദ്ധനവിന്റെ മറവിൽ മാർച്ചിൽ നിരക്ക് കൂട്ടിയിരുന്നു.കഷ്ടിച്ച് ഏഴ് മാസം ആയപ്പോഴേക്കും സ്വകാര്യ ബസുടമകളുടെ ആവശ്യമെന്ന മട്ടിലാണ് വീണ്ടും വർദ്ധനയ്‌ക്ക് ഗതാഗതവകുപ്പ് പച്ചക്കൊടി കാട്ടിയത്.

കഴിഞ്ഞ 27നും ഒത്തുതീർപ്പ് ചർച്ച നടന്നിരുന്നു. ചാർജ് വർദ്ധന പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനെ ചുമതലപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞതോടെ ബസ് ഉടമകൾ ഒന്നിന് നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു.

ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടിയ ബസ് നിരക്കാണ് കേരളത്തിൽ. ഇവിടെ ഓർഡിനറി ബസിൽ മിനിമം ചാർജ് എട്ടു രൂപയാണ്. തമിഴ്നാട്ടിൽ ജനുവരി 20ന് മിനിമം നിരക്ക് മൂന്നിൽ നിന്ന് അഞ്ചാക്കി. മൂന്നു വർഷത്തിനു ശേഷമായിരുന്നു.വർദ്ധന എന്നിട്ടും ജനരോക്ഷമുണ്ടായി. 29ന് വർദ്ധന നാലായി കുറച്ചു. ബംഗളുരുവിൽ സർവീസ് നടത്തുന്ന എ.സി ബസിന്റെ മിനിമം നിരക്ക് 15 രൂപയിൽ നിന്ന് 10 ആയി കുറച്ചു. തെലുങ്കാനയിലും ആന്ധ്രപ്രദേശിലും മിനിമം നിരക്ക് കുറയ്ക്കാറുണ്ട്.

ഈ സംസ്ഥാനങ്ങളിലെല്ലാം ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ നഷ്‌ടത്തിലാണ്. ലാഭമുണ്ടാക്കുന്നതിനേക്കാൾ സാമൂഹ്യപ്രതിബദ്ധതയ്‌ക്കാണ് അവർ മുൻഗണന നൽകുന്നത്. ജനഹിതം നോക്കിയാണ് അവർ ബസ് നിരക്ക് നിശ്ചയിക്കുന്നത്. സമ്മർദ്ദം ചെലുത്താൻ അവിടെങ്ങും സ്വകാര്യബസ് ലോബി ഇല്ല.

കേരളത്തിലെ അസംബന്ധ

നാടകം:രംഗങ്ങൾ

ചെലവ് താങ്ങാൻ വയ്യ, ചാർജ് വർദ്ധിപ്പിക്കണം - സ്വകാര്യബസുടമാ സംഘടനകൾ ആവശ്യപ്പെടുന്നു.

പറ്റില്ല, പറ്റില്ല...ജനം ബുദ്ധിമുട്ടും - ഗതാഗതമന്ത്രിയുടെ നിഷേധ പ്രസ്താവന

പണിമുടക്ക് പ്രഖ്യാപിക്കുന്നു - സംഘ‌നകളുടെ ഉമ്മാക്കി

ജനത്തെ ബുദ്ധിമുട്ടിക്കരുത് - പ്രജാക്ഷേമതൽപരനായ മന്ത്രി കണ്ണുരുട്ടുന്നു

പണിമുടക്ക് ദിവസം അടുക്കുമ്പോൾ അല്ലെങ്കിൽ പണിമുടക്കിന് ശേഷം മന്ത്രി ഒത്തുതീർപ്പ് ചർച്ച നടത്തുന്നു. ചാർജ് കൂട്ടാൻ ധാരണ.

റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനെ ചുമതലപ്പെടുത്തുന്നു.

ചാർജ് കൂട്ടണമെന്ന റിപ്പോർട്ട് കമ്മിഷൻ സർക്കാരിന് നൽകുന്നു

വർദ്ധന നടപ്പിലാക്കുന്നു

ശുഭം

മിനിമം നിരക്കുകൾ

ഓ‌ർഡിനറി

കേരളം 8 രൂപ

തമിഴ്നാട് 4 ''

കർണാടകം 5 ''

തെലുങ്കാന 5 ''

ആന്ധ്ര 5 ''

ജൻറം എ.സി ബസുകൾ

കേരളം 20

തെലുങ്കാന 16

കർണാടകം 10

തമിഴ്നാട് 10

ആന്ധ്ര 16

ബസുകളുടെ എണ്ണം

തമിഴ്നാട് 21,928

കർണാടകം 8,125

ആന്ധ്ര 11,692

തെലുങ്കാന 10,300

കേരളം

കെ.എസ്.ആർ.ടി.സി 6,400

സ്വകാര്യ ബസ് 12,500