തിരുവനന്തപുരം: മികച്ച നിയമസഭാ സാമാജികനുള്ള ടി.എം.ജേക്കബ് സ്‌മാരക അവാർഡിന് പി.ടി.തോമസ് എം.എൽ.എ അർഹനായി. 25,000 രൂപയും ശില്‌പവും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് ടി.എം. ജേക്കബ് മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡ്. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പരിസ്ഥിതി ഉൾപ്പടെ നാടിനേയും ജനങ്ങളേയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ ദീർഘ വീക്ഷണത്തോടെ കൃത്യതയാർന്ന ഉറച്ച നിലപാടുകൾ സ്വീകരിക്കുന്ന പി.ടി. തോമസ്, ചട്ടങ്ങളും നടപടി ക്രമങ്ങളും പാലിച്ചുകൊണ്ട് അവയെല്ലാം നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവയ്‌ക്കുന്നതെന്ന് ജൂറി വിലയിരുത്തി.
ടി.എം. ജേക്കബിന്റെ 7-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഈ മാസം 7ന് തിരുവനന്തപുരം പ്രസ്ക്ലബിൽ സംഘടിപ്പിക്കുന്ന അത്രമേൽ സ്നേഹിക്കയാൽ എന്ന ചടങ്ങിൽ വച്ച് കെ.പി.സി.സി പ്രസിജന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അവാർഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ ഡയ്സി ജേക്കബ്, മുൻമന്ത്രി അനൂപ് ജേക്കബ്, അമ്പിളി ജേക്കബ് എന്നിവർ അറിയിച്ചു.
''അത്രമേൽ സ്നേഹിക്കയാൽ"
ടി.എം. ജേക്കബ് സ്മരണാജ്ഞലി 7ന്
തിരുവനന്തപുരം: ടി.എം.ജേക്കബിന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് അത്രമേൽ സ്നേഹിക്കയാൽ എന്നപേരിൽ തിരുവനന്തപുരം പ്രസ്ക്ലബിൽ 7ന് രാവിലെ 11ന് നടക്കുന്ന അനുസ്‌മരണ സമ്മേളനം കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു ടി.എം. ജേക്കബ് സ്മാരക പ്രഭാഷണം നടത്തും. കേരള കോൺഗ്രസ് ചെയർമാൻ ജോണി നെല്ലൂർ, ടി.എം. ജേക്കബ് സ്മാരക ട്രസ്റ്റ് ഭാരവാഹികളായ ഡയ്സി ജേക്കബ്, മുൻമന്ത്രി അനൂപ് ജേക്കബ്, അമ്പിളി ജേക്കബ് എന്നിവർ പ്രസംഗിക്കും.