തിരുവനന്തപുരം:ചെറുകിട, ഗാർഹിക ഉപഭോക്താക്കൾക്ക് വൻ ബാദ്ധ്യതയുണ്ടാക്കുകയും വൻകിടക്കാർക്ക് ഇളവ് നൽകുകയും ചെയ്യും വിധം വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതൽ 95 പൈസ വരെ വർദ്ധിപ്പിക്കും. നിരക്ക് 8.5ശതമാനമാണ് കൂട്ടുന്നത്. ഇതിനൊപ്പം ഫിക്സഡ് ചാർജ് ഓരോ വർഷവും കൂട്ടാനും നിർദ്ദേശമുണ്ട്.50 മുതൽ 150 യൂണിറ്റ് വരെയുള്ളവർക്കാണ് വലിയ വർദ്ധന. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, രണ്ടുമാസത്തിനുള്ളിൽ വർദ്ധന നടപ്പാക്കാനാണ് നീക്കം.
വരുന്ന നാല് വർഷം പ്രതീക്ഷിക്കുന്ന നഷ്‌ടത്തിന്റെ കണക്ക് റഗുലേറ്ററി കമ്മിഷന് സമർപ്പിച്ചുകൊണ്ട് കെ. എസ്. ഇ. ബി ആവശ്യപ്പെട്ട വർദ്ധനയാണിത്.കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ച് 2022വരെയുള്ള നിരക്ക് നിശ്ചയിക്കാൻ ശ്രമിക്കുന്ന റെഗുലേറ്ററികമ്മിഷൻ ഇത് അംഗീകരിക്കാനാണ് സാദ്ധ്യത .
2017 ഏപ്രിലിലാണ് അവസാനം നിരക്ക് കൂട്ടിയത്.
വർദ്ധന ഇങ്ങനെ
100 യൂണിറ്റ് ഉപയോഗിക്കുന്ന ചെറുകിടക്കാർക്ക് നിലവിലെ 3.40 രൂപ 4.70 രൂപയായി കൂടും.
500 യൂണിറ്റിന് മേൽ ഉപയോഗമുള്ള വൻകിടക്കാർക്ക് നിലവിലെ 7.50രൂപ 2021- 22 ആകുമ്പോഴേക്കും 6.90ആയി കുറയും.
പ്രതിമാസ ഫിക്‌സഡ് ചാർജ്ജ് സിംഗിൾ ഫെയ്സിന് നിലവിലെ 30രൂപ ആദ്യം 35 ആയും പിന്നീട് 50 ആയി കൂടും
പൊതുവിഭാഗത്തിന്റെ 50 രൂപ 75 ആയും പിന്നീട് 100 ആയും കൂടും.
ത്രീ ഫെയ്സിന് കൂടില്ല
സാധാരണക്കാരുടെ വർദ്ധന
സ്ളാബ്................. നിലവിൽ ..........2018-19 ..........2020-22
0-50 യൂണിറ്റ് ......... 2.90 ...............3.50................. 3.45
51-100 യൂണിറ്റ്...... 3.40 ...............4.20 .................4.70
101-150 യൂണിറ്റ്..... 4.50............... 5.20..................5.45
നോൺ ടെലസ്കോപ്പിക്ക്
0 - 300 യൂണിറ്റ്........ 5.50...............5.95.................6.10
0-350 യൂണിറ്റ്.......... 6.20...............6.30.................6.35
ബോർഡ് സമർപ്പിച്ച നഷ്ടക്കണക്ക് (കോടിയിൽ )
2018-19 - 1100.70
2019-20 - 1399.05
2020-21 - 2065.28
2021-22 - 2518.92
2017 ൽ നടപ്പാക്കിയ വർദ്ധന
50 യൂണിറ്റ് വരെ.. . 2.80 - 2.90
100 യൂണിറ്റ് വരെ... 3.20 - 3.40
150 യൂണിറ്റ് വരെ... 4.20 - 4.50
200 യൂണിറ്റ് വരെ ..5.80 - 6.10
നോൺ ടെലസ്കോപ്പിക്ക്
300 യൂണിറ്റ് വരെ.. 5.00 - 5.50
350 യൂണിറ്റ് വരെ ..5.70 - 6.20
ഫിക്സഡ് ചാർജ്ജും എനർജി ചാർജും
വൈദ്യുതി ബില്ലിന് രണ്ടുഭാഗങ്ങളുണ്ട്. ഫിക്സഡ് ചാർജും എനർജി ചാർജും. ഫിക്സഡ് ചാർജ് ഗാർഹിക ഉപഭോക്താക്കൾക്ക് സിംഗിൾ ഫേസിന് 30 രൂപയും ത്രീഫെയ്സിന് 80 രൂപയുമാണ്. പൊതുവിഭാഗത്തിൽ 50 രൂപയാണ്.
എനർജി ചാർജ് വൈദ്യുതി ഉപഭോഗവും വിവിധ വിഭാഗങ്ങളും അനുസരിച്ച് വ്യത്യാസപ്പെടും. ഗാർഹികം, കാർഷികം, വാണിജ്യം, വ്യവസായം, ഹൈടെൻഷൻ, എക്‌സ്‌ട്രാ ഹൈടെൻഷൻ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേകം എനർജി ചാർജാണ്. ഗാർഹിക ഉപഭോക്താക്കൾക്കും ഉപയോഗത്തിന് അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടും. ഉദാഹരണത്തിന് മാസം 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നയാൾക്ക് 50 യൂണിറ്റ് വരെ 2.90 രൂപ, 100 യൂണിറ്റ് വരെ 3.40 രൂപ, അതിന് മുകളിൽ 4.50 രൂപ എന്നീ നിരക്കുകളിൽ എനർജി ചാർജ് നൽകണം.