മുടപുരം: വാഹനകുരുക്കിൽ നിന്നും കോരാണി ജംഗ്‌ഷന് മോചനമില്ല. ഗതാഗതക്കുരുക്കിന് പരിഹാരമായി ഇവിടെ ട്രാഫിക് ഐലൻഡും സിഗ്നൽ സംവിധാനവും ഏർപ്പെടുത്തണമെണമെന്ന യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ആവശ്യം അധികൃതർ അവഗണിക്കുകയാണ്.
രണ്ട് റോഡുകൾ സന്ധിക്കുന്ന ഇടമായതിനാൽ ഇവിടം സദാ സമയവും വാഹനത്തിരക്കാണ്. ചിറയിൻകീഴ് റോഡിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് നാഷണൽ ഹൈവേയിൽ പ്രവേശിച്ച് യാത്ര ചെയ്യുവാൻ വലിയ ബുദ്ധിമുട്ട് ആണ്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ നിന്നും അല്ലാതെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മറ്റ് ആശുപത്രികളിലേക്കും അത്യാസന്ന നിലയിലായ രോഗികളെയും വഹിച്ചു കൊണ്ടു വരുന്ന വാഹനങ്ങൾക്ക് പോലും നാഷണൽ ഹൈവേയിൽ പ്രവേശിച്ച് യഥാസമയം യാത്ര ചെയ്യുവാൻ കഴിയാത്ത സ്ഥിതിയാണ്.
തിരുവനന്തപുരത്ത് നിന്നും ചിറയിൻകീഴ്, കടയ്ക്കാവൂർ, വർക്കല ഭാഗങ്ങളിലേക്കുള്ള യാത്രക്കാരും ആശ്രയിക്കുന്ന റോഡാണിത്. അതുകൊണ്ടു തന്നെ അനുദിനം ഇവിടെ വാഹനപ്പെരുപ്പം വർദ്ധിക്കുന്നു. വാഹനാപകടങ്ങളും ഇവിടെ സ്ഥിരം സംഭവമാണ്. ഒട്ടേറെ സ്വകാര്യ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്ന റൂട്ടാണിത്. കോരാണിയിൽ അവസാനിക്കുന്ന പ്രൈവറ്റ് ബസുകൾ ബസ് സ്റ്റോപ്പുകൾ തന്നെ പലപ്പോഴും പാർക്കിംഗ് ഏരിയാ ആക്കി മാറ്റുകയാണ്. ഇതുമൂലം വാഹനത്തിരക്ക് വർദ്ധിക്കുന്നു. ഓട്ടോ സ്റ്റാൻഡും ഇവിടെ തന്നെയാണ്. പ്രൈവറ്റ് ബസുകൾ നിറുത്തിയിടുന്നത് മൂലം മറ്റ് വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകുവാനേ കഴിയൂ. എതിരെ വാഹനം വന്നാൽ പിന്നെ ഗതാഗതം നിലച്ചതു തന്നെ. അതിന് പരിഹാരമായാണ് ഇവിടെ ട്രാഫിക് ഐലൻഡും സിഗ്നൽ സംവിധാനവും ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. രാവിലെയും വൈകിട്ടും ഗതാഗതകുരുക്ക് ഒഴിവാക്കുവാൻ ട്രാഫിക് പൊലീസിനെ നിയമിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.