തിരുവനന്തപുരം:ഉദ്യോഗസ്ഥരുടെ യോഗ്യതാ മാനദണ്ഡം അടിക്കടി മാറ്റുന്നതിനെതിരെ അച്ചടി വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാർ രംഗത്ത്. 2016ൽ ഒരു മാറ്റം വരുത്തിയതാണ്.

2016ൽ നടപ്പാക്കിയ സ്പെഷ്യൽ റൂൾ പ്രകാരം സാങ്കേതിക വിഭാഗത്തിലെ ജീവനക്കാർക്ക് അടിസ്ഥാന യോഗ്യത പത്താം ക്ലാസും സാങ്കേതിക പരിജ്ഞാനവുമായി നിജപ്പെടുത്തിയിരുന്നു. പുതിയ കരട് നിർദേശത്തിൽ യോഗ്യത പ്ലസ് ടുവും ഡിപ്ലോമയുമാക്കി മാറ്റാനാണ് ശുപാർശ.ഇതംഗീകരിച്ചാൽ നിലവിലെ ജീവനക്കാർക്ക് റിട്ടയർമെന്റുവരെ പ്രമോഷൻ ലഭിക്കില്ലെന്നാണ് ആശങ്ക. രണ്ടായിരത്തോളം ജീവനക്കാരെ ഇത് ബാധിക്കും. തസ്‌തികകൾ മൂന്നിലൊന്നായി ചുരുക്കാനും നീക്കമുണ്ടെന്ന് അവർ പറയുന്നു.

1978ലെ ചട്ടം കാലഹരണപ്പെട്ടതിനാൽ 2016ൽ പരിഷ്കരിച്ചപ്പോൾ അതുവരെയുണ്ടായിരുന്ന തസ്തികകൾ നിലനിർത്തിയാണ് ഓഫ്സെറ്റ് ഓപ്പറേറ്റർ, റീപ്രൊഡക്ഷൻ തുടങ്ങിയ പുതിയ തസ്തികകൾ ഉൾപ്പെടുത്തിയത്. യോഗ്യത ഏഴാം ക്ലാസിൽ നിന്ന് പത്താം ക്ലാസിലേക്ക് മാറ്റി. സാങ്കേതിക യോഗ്യതയ്‌ക്ക് കെ.ജി.റ്റി, എം.ജി.റ്റി സർട്ടിഫിക്കറ്റുകൾക്കൊപ്പം വി.എച്ച്.എസ്.സി, ഐ.റ്റി.ഐ യോഗ്യതകളും ഉൾപ്പെടുത്തി.

എന്നാൽ, ഇപ്പോൾ പഴയ തസ്തികകൾ പൂർണ്ണമായും ഒഴിവാക്കിയാണ് കരട് നൽകിയിരിക്കുന്നത്.പഴയ തസ്തികയുടെ എണ്ണം തന്നെയാണോ പുതിയ തസ്തികയിലും എന്ന് വ്യക്തമാക്കുന്നില്ല.ഏതെങ്കിലും തസ്‌തികയ്‌ക്ക് പകരമാണോ പുതിയതെന്നും സൂചനയില്ല. ഇത് ജീവനക്കാരിൽ ആശങ്കയുണ്ടാക്കുന്നു. ചട്ടം പരിഷ്കരിക്കുന്നെങ്കിൽ നിലവിലെ ജീവനക്കാരെ ബാധിക്കാത്ത വിധത്തിലായിരിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

2014ൽ കരിക്കുലം കമ്മറ്റി കെ.ജി.റ്റി.ഇ.(പ്രിന്റിംഗ് ടെക്നോളജി)​ സിലബസ് പരിഷ്കരിച്ചിരുന്നു. ഈ യോഗ്യത പുതിയ കരടിൽ ഉൾപ്പെടുത്താത്തത് സാധാരണക്കാരായ ഉദ്യോഗാർത്ഥികളെ ഒഴിവാക്കാനാണെന്നും യൂണിയനുകൾ ആരോപിക്കുന്നു. പ്രസിൽ ആധുനിക മെഷീനുകൾ വാങ്ങുന്നതിനാൽ ഇലക്ട്രിക്കൽ വിഭാഗത്തിന് സമാനമായി ഇലട്രോണിക്സ് വിഭാഗവും ക്രമീകരിക്കേണ്ടതുണ്ട്. അതിന് ഇലട്രോണിക് ഡിപ്ലോമ അല്ലെങ്കിൽ ബി.ടെക് യോഗ്യതയുള്ളവരെയാണ് ആവശ്യം. ഇതു സംബന്ധിച്ചും കരടിൽ പറയുന്നില്ല.