തിരുവനന്തപുരം: പക്ഷാഘാതം (സ്ട്രോക്ക്) ബാധിച്ചവർക്ക് അടിയന്തിര ചികിത്സാ സൗകര്യമൊരുക്കുന്ന കോമ്പ്രിഹെൻസീവ് സ്‌ട്രോക്ക് സെന്ററുകൾ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആരംഭിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരം മെഡിക്കൽ കോളേജിനും കോഴിക്കോട് മെഡിക്കൽ കോളേജിനും 5 കോടി രൂപയുടെ വീതം ഭരണാനുമതി നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിലെ സ്‌ട്രോക്ക് യൂണിറ്റ് നാളെ ഉദ്ഘാടനം ചെയ്യും. ഇത് വിപുലീകരിച്ചാണ് സമഗ്ര സ്‌ട്രോക്ക് സെന്ററാക്കുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നിലവിലുള്ള സ്‌ട്രോക്ക് യൂണിറ്റ് വിപുലീകരിച്ച് സമഗ്ര സ്‌ട്രോക്ക് സെന്ററാക്കും. സ്‌ട്രോക്ക് കാത്ത് ലാബ് ഉൾപ്പെടെ ചികിത്സയ്ക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് സെന്ററിൽ ഒരുക്കുന്നത്.
രക്തം കട്ടപിടിച്ച് തലച്ചോറിലേക്കുള്ള രക്തക്കുഴൽ അടയുകയോ പൊട്ടുകയോ ചെയ്യുമ്പോഴാണ് സ്‌ട്രോക്കുണ്ടാകുന്നത്. ലോകത്ത് 80 ദശലക്ഷം ജനങ്ങൾക്ക് സ്‌ട്രോക്ക് പിടിപെട്ടിട്ടുണ്ട്.
സ്‌ട്രോക്ക് ബാധിച്ചാൽ ആദ്യത്തെ മണിക്കൂറുകൾ വളരെ നിർണായകമാണ്. അതിനാൽ മറ്റ് ആശുപത്രികളിൽ പോയി സമയം കളയാതെ സ്‌ട്രോക്ക് സെന്ററുകളിൽ തന്നെ പോകുവാൻ ശ്രമിക്കണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സി.ടി. സ്‌കാൻ, മെഡിക്കൽ ന്യൂറോ, ന്യൂറോ സർജറി, ന്യൂറോ ഐ.സി.യു. എന്നീ സൗകര്യങ്ങളുള്ളവയാണ് സ്‌ട്രോക്ക് സെന്ററുകൾ.
24 മണിക്കൂറും പ്രവർത്തിക്കുന്ന സുസജ്ജമായ മെഡിക്കൽ സംഘമാണ് ന്യൂറോളജി വിഭാഗത്തിന് കീഴിലുള്ള സ്‌ട്രോക്ക് സെന്ററിലുണ്ടാവുക. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്‌ട്രോക്ക് സെന്റർ ഹൈൽപ് ലൈൻ : 9946332963.