padakk

തിരുവനന്തപുരം: നന്മയുടെയും പ്രതീക്ഷയുടെയും വർണക്കാഴ്ചയൊരുക്കാൻ ഒരു ദീപാവലി കൂടിയെത്തി. മുൻവർഷങ്ങളിലെന്നപോലെ വ്യത്യസ്തമായ പടക്കങ്ങളിറക്കി വിപണി കൈയടക്കാനാണ് വ്യാപാരികളുടെ ശ്രമം. എന്നാൽ പഴയ ആവേശമൊന്നും ഇത്തവണ വിപണിയെ ബാധിച്ചില്ല. ദീപാവലി ദിനത്തിൽ പകൽ പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി നിയന്ത്രണം ഏർപ്പെടുത്തിയതാകാം അതിന് കാരണമെന്നാണ് വ്യാപാരികളുടെ അഭിപ്രായം. ദീപാവലി ദിനമായ ചൊവ്വാഴ്ച പകൽ സൗകര്യപ്രദമായ രണ്ട് മണിക്കൂർ മാത്രമേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പടക്കം പൊട്ടിക്കാവൂ എന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതാണ് വിപണിക്ക് ക്ഷീണമായത്. ഇന്നലെ അവധി ആയിരുന്നിട്ടും പടക്കം വാങ്ങാൻ വലിയ തിരക്കൊന്നും അനുഭവപ്പെട്ടിട്ടില്ല. ഇന്ന് വില്പന സജീവമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. എങ്കിലും പടക്ക വിപണി വളരെ കളർഫുളാണ്. ഉഗ്രശബ്ദമുള്ള പടക്കങ്ങൾ മുതൽ വർണങ്ങൾ വരെ വിപണിയിൽ വില്പനയ്ക്ക് റെഡിയാണ്. നിയന്ത്രണമുള്ളതിനാൽ വർണങ്ങൾക്ക് ആവശ്യക്കാരേറെയാണ്. വിപണിയിൽ സജീവ സാന്നിദ്ധ്യമായ വിവിധയിനം കമ്പിത്തിരിക്കും മത്താപ്പിനും ആവശ്യക്കാരേറെയാണ്. കുറ്റിപ്പടക്കം, മാലപ്പടക്കം, മുക്കുപടക്കം, കുടച്ചക്രം, പാമ്പിൻഗുളിക, റോക്കറ്റ്, ഓലപ്പടക്കം, അമിട്ട് അങ്ങനെ തരത്തിലും വിലയിലും വ്യത്യസ്തമായവ വിപണിയിൽ സുലഭം. കുട്ടിക്കുറുമ്പന്മാരെ ലക്ഷ്യമിട്ട് റിവോൾവർ മാതൃകയിലുള്ള തോക്കും വിപണിയിലെത്തിയിട്ടുണ്ട്.

ശബ്ദഘോഷങ്ങളെ ഇഷ്ടപ്പെടുന്ന യുവാക്കൾക്കായി കമ്പം എന്ന പേരിൽ പുതിയ ഒരിനം പടക്കം വിപണിയിലുണ്ട്. 50 രൂപ മുതൽ 400 രൂപ വരെയുള്ള പടക്കങ്ങൾക്കാണ് ആവശ്യക്കാർ ഏറെ. കമ്പത്തിന് 300 രൂപ മുതലാണ് വില. 5000 രൂപ വിലയുള്ള കമ്പങ്ങളുമുണ്ട്. കമ്പിത്തിരി,​ മത്താപ്പൂ,​ പൂക്കുറ്റി​,​ തറച്ചക്രം,​ പാമ്പിൻഗുളിക,​ എലിവാണം തുടങ്ങിയവ അടങ്ങിയ ഫാമിലി കിറ്റിന് 450 രൂപ മുതൽ 1500 രൂപ വരെയാണ് വില. മാലപ്പടക്കത്തിനും ആവശ്യക്കാരുണ്ട്. 100 രൂപ മുതൽ 5000 രൂപ വരെയുള്ള മാലപ്പടക്കങ്ങളും റെഡി.