തിരുവനന്തപുരം: ഒടുവിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ സപ്ളൈകോ എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി അശോക്‌കുമാറിനെ സപ്ളൈകോ സസ്പെന്റു ചെയ്തു. കിഴക്കേകോട്ടയിലെ പീപ്പിൾസ് ബസാർ സൂപ്പർ മാർക്കറ്റിലെ ക്രമക്കേടിന്റെ പേരിലാണ് അവിടെത്തെ ജൂനിയർ അസിസ്റ്റന്റായിരുന്ന അശോക്‌കുമാറിനെ ആദ്യം സ്ഥലം മാറ്റിയതും പിന്നാലെ സസ്പെന്റു ചെയ്തതും. മാർക്കറ്റിലെ ജെ.എസ്.എം ആയിരുന്ന ബിജു പ്രദീപിനേയും സസ്പെന്റു ചെയ്തിട്ടുണ്ട്.
പീപ്പിൾസ് ബസാറിൽ ആദ്യം 20 ലക്ഷത്തിന്റെ വെട്ടിപ്പാണ് കണ്ടെത്തിയത്. തട്ടിപ്പു പുറത്തുവന്നതോടെ ക്രിത്രിമം കാണിച്ച് സാധനങ്ങൾ തിരിച്ചു വയ്ക്കാനായിരുന്നു തട്ടിപ്പുകാരുടെ ശ്രമം. ദിവസങ്ങൾ വൈകി ആരംഭിച്ച വിജിലൻസ് അന്വേഷണത്തിൽ ക്രമക്കേട് 11.5 ലക്ഷമായി കുറഞ്ഞു. ഭരണ കക്ഷിയിൽപെട്ട പാർട്ടിയുടെ തൊഴിലാളി സംഘടനയുടെ നേതാവായതിനാൽ അശോക്‌കുമാറിനെ സ്ഥലം മാറ്റി രക്ഷപ്പെടുത്താനായിരുന്നു ശ്രമം. കൂട്ടത്തൽ തട്ടിപ്പ് കണ്ടെത്തിയ ഓഫീസ് ഇൻ ചാർജ് സജീവ്‌കുമാറിനെ കൂടി സ്ഥലം മാറ്റിയിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോഴിക്കോട് മേഖലയിലേക്കായിരുന്നു എല്ലാവരേയും സ്ഥലം മാറ്റിയത്. കണ്ണൂരിലെ മാർക്കറ്റിലായിരുന്നു ഇവർക്കു നിയമനം. കുറച്ചു നാൾ കഴിഞ്ഞ് അശോക്‌കുമാറും ബിജുവും ലീവെടുത്ത് മാറി നിൽക്കുകയായിരുന്നു. ഇവരെ കുറിച്ച് വേറേയും പരാതി എം.ഡിക്കു മുന്നിൽ എത്തിയിരുന്നു.
ഒക്ടോബർ ഒന്നിന് കേരളകൗമുദിയിൽ സപ്ളൈകോ സൂപ്പർ മാർക്കറ്റിൽ സൂപ്പർ വെട്ട്, ഒതുക്കാൻ രഹസ്യ നീക്കം എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സപ്ളൈകോ എം.ഡി എം.എസ്.ജയ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സമ്മർദ്ദ സമരവുമായി അസോസിയേഷൻ
അശോക്‌കുമാറിന്റെ സസ്പെൻഷൻ പിൻവലിപ്പിക്കുന്നതിനായി സപ്ളൈകോ എംപ്ലോയീസ് അസോസിയേഷൻ സമരപരിപാടി ആരംഭിക്കും. ഇന്ന് രാവിലെ 10ന് എല്ലാ മേഖലാ ഓഫീസുകൾക്കു മുന്നിലും പ്രതിഷേധ ധർണ്ണ നടത്തും.