തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും അവകാശപത്രിക നടപ്പാക്കണമെന്നാവശ്യപ്പെട്ടും ഭാരതീയ മസ്ദൂർ സംഘിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 1 ന് ലക്ഷം തൊഴിലാളികളെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ഇതോടനുബന്ധിച്ചുള്ള സമരപ്രഖ്യാപന കൺവെൻഷൻ ഇന്നലെ ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.വിജയകുമാർ നിർവഹിച്ചു. മാർച്ചിന് മുന്നോടിയായി ജനുവരി 1 മുതൽ വിവിധ പഞ്ചായത്ത്, മുനിസിപ്പൽ പ്രദേശങ്ങളിൽ പദയാത്രയും നടത്തും.
ജനറൽ സെക്രട്ടറി എം.പി. രാജീവൻ സമരപ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ അവകാശപത്രിക അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ കെ. ഗംഗാധരൻ, ബി. ശിവജി സുദർശനൻ,എസ്. ആശാമോൾ,എം.പി. ഭാർഗവൻ, വി. രാധാകൃഷ്ണൻ, വി.വി. ബാലകൃഷ്ണൻ, സി. ബാലചന്ദ്രൻ,ആർ.രഘുരാജ്, ടി. പി. സിന്ധുമോൾ, ഇ. ദിവാകരൻ,പി. സുനിൽകുമാർ, എൻ.ബി. ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. ജി.കെ. അജിത്ത് സ്വാഗതവും പി.ശശിധരൻ നന്ദിയും പറഞ്ഞു.