മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ റയൽ മാഡ്രിഡിനും ബാഴ്സലോണയ്ക്കും വിജയം. പുതിയ പരിശീലകൻ സാന്റിയാഗോ സൊളാരിക്ക് കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ റയർ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റയൽ വല്ലഡോലിഡിനെ കീഴടക്കിയപ്പോൾ ബാഴ്സലോണ 3-2ന് റയോ വല്ലക്കാനോയെ കീഴടക്കി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ കൗമാര താരം വിനീഷ്യസ് ജൂനിയർ (83-ാം മിനിട്ട്), സെർജി റാമോസ് (88-ാം മിനിട്ട്) എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. പെനാൽറ്റിയിൽ നിന്നായിരുന്നു റാമോസിന്റെ ഗോൾ.
എവേ മത്സരത്തിൽ 1-2ന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ബാഴ്സയാടെ ജയം. 11-ാം മിനിട്ടിൽ സുവാരേസിലൂടെ ബാഴ്സ ആദ്യം സ്കോർ ചെയ്തു. എന്നാൽ, 35-ാം മിനിട്ടിൽ ജോസ് ഏൻജൽ പോസോയും 57-ാം മിനിട്ടിൽ അൽവാരോ ഗാർഷ്യയും സ്കോർ ചെയ്തതോടെ വല്ലക്കാനോയ്ക്ക് ലീഡായി. 87-ാം മിനിട്ടിൽ ഡെംബെലെ സമനില പിടച്ചു. 90-ാം മിനിട്ടിൽ സുവാരേസാണ് വിജയഗോൾ നേടിയത്.
11 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായാണ് ബാഴ്സലോണ ഒന്നാമതുള്ളത്. 17 പോയിന്റുള്ള റയൽ ആറാമതാണ്.