പാറശാല: വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന ആടുകളെ മോഷ്ടിച്ച ഇറച്ചി വെട്ടുകാരനെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. കാരോട് പഞ്ചായത്തിലെ വടൂവൂർക്കോണം ചൂരക്കുഴി റോഡരികത്ത് വീട്ടിൽ അജികുമാർ(35) ആണ് അറസ്റ്റിലായത്. നവംബർ ഒന്നിന് രാത്രിയാണ് മോഷണം നടന്നത്. അയിര നീലിയാൻവിള ബ്ലസി ഭവനിൽ സതീഷ് കുമാറിന്റെ വീട്ടിൽ കെട്ടിയിരുന്ന ആടിനെയും റണ്ട് കുട്ടികളെയുമാണ് പ്രതി മോഷ്ടിച്ചത്. സംശയത്തെ തുടർന്ന് പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും ഇയാൾ സമ്മതിച്ചില്ല. തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയതിനെത്തുടർന്ന് ഇയാളുടെ വീടിന് സമീപത്തെ കാടിനുള്ളിൽ നിന്നും ആടുകളെ കണ്ടെത്തുകയായിരുന്നു. അഞ്ചാലിക്കോണം ജംഗ്‌ഷനിൽ ഇറച്ചി കച്ചവടം നടത്തുന്ന ആളാണ് പ്രതി. പൊഴിയൂർ എസ്.ഐ വി. പ്രസാദ്, ഗ്രേഡ് എസ്.ഐ, സി.പി.ഒ മാരായ ബിജു, ബിനോയ് ജസ്റ്റിൻ, എസ്.സി.പി.ഒ വിജയൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.