തിരുവനന്തപുരം: വിരമിച്ചവർക്ക് ആനൂകൂല്യമായി കെ.എസ്.ആർ.ടി.സി കൊടുക്കാനുള്ളത് 38 കോടി രൂപ. പണമുണ്ടായിട്ടും വിതരണം വൈകിപ്പിക്കുന്നത് ചില ഉദ്യോഗസ്ഥർക്ക് സാമ്പത്തികനേട്ടത്തിനെന്ന് മാനേജ്മെന്റ് കരുതുന്നു. തുക ഉടൻ നൽകാൻ ഊർജ്ജിത പെൻഷൻ തീർപ്പാക്കൽ പദ്ധതി ആരംഭിച്ചു.
2017 ജൂൺ മുതൽ ഈ സെപ്തംബർ വരെ വിരമിച്ച1300 പേർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കേണ്ടത്. വിരമിക്കുന്നതിന് ആറു മാസം മുമ്പ് സർവീസ് ബുക്ക് ചീഫ് ഓഫീസിലെത്തിച്ച് നടപടികൾ പൂർത്തിയാക്കണം. സേവനം കഴിയുമ്പോൾ മുഴുവൻ തുകയും കൊടുക്കണം. ഇതാണ് ചട്ടം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകാനായി ഏഴു ഡിപ്പോകളുടെ വരുമാനം നീക്കിവയ്ക്കാറുണ്ട്. എന്നിട്ടും തുക കൊടുക്കാത്തതിനു പിന്നിൽ ചില ക്രമക്കേടുകൾ നടക്കുന്നതായി മാനേജ്മെന്റ് കരുതുന്നു. കേസ് കോടതിയിൽ എത്തിയാൽ, അതിന്റെ പേരിൽ ചിലർ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നു.
ഇതൊക്കെ ഒഴിവാക്കാൻ, വിരമിക്കുമ്പോൾ ഇനി മുഴുവൻ തുകയും നൽകും. 1300 പേർക്കു പുറമെ അടുത്ത മാർച്ച് വരെ വിരമിക്കുന്ന 800 പേരുടെ സർവീസ് ബുക്ക് ചീഫ് ഓഫീസിൽ എത്തിക്കുന്നതിന് എം.ഡി ടോമിൻ ജെ.തച്ചങ്കരി ഉത്തരവിട്ടിട്ടുണ്ട്. നടപടികൾ പൂർത്തികരിക്കുന്നതിന് 14 പേരെ നിയോഗിച്ചു.