നന്ദിയോട് : ദീപാവലിയായാൽ നന്ദിയോട്ട് പൂരത്തിരക്കാണ്. കവലകളും ഊടുവഴികളുമെല്ലാം പടക്കം വാങ്ങാനെത്തുന്നവരെ കൊണ്ടു നിറയും. വീടുകളും കടകളും നിരത്തുകളുമെല്ലാം കരിമരുന്നിന്റെ ഗന്ധമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് നന്ദിയോട്ടെ പരമ്പരാഗത പടക്ക വിപണി സന്ദർശിക്കാൻ എത്തുന്നത്. എന്നാൽ പടക്ക നിർമ്മാണത്തിന് പേരെടുത്ത പ്രദേശത്ത് സുരകഷയുടെ കാര്യത്തിൽ ആശങ്കയിലാണ് ഇവിടുത്തെ പടക്ക നിർമ്മാമ തൊഴിലാളികൾ. തൊഴിലാളികളുടെ ജാഗ്രതയും കരവിരുതിലെ വൈദഗ്ദ്ധ്യവും വിപണിയെ അപകടരഹിതമാക്കി നിലനിറുത്തുന്നുണ്ടെങ്കിലും അഗ്നിശമന സേനയുടെ അസാന്നിദ്ധ്യം ആശങ്ക പരത്തുന്നുണ്ട്. നന്ദിയോട് പഞ്ചായത്തിലെ ജനസാന്ദ്രത കൂടിയ ആലംപാറ, പാലുവള്ളി, ആനക്കുഴി, പുലിയൂർ, പച്ച ഭാഗങ്ങളിലാണ് പടക്ക നിർമ്മാണ ശാലകളുടെ പ്രവർത്തനം. വിതുരയിലും നെടുമങ്ങാട്ടും ഫയർഫോഴ്‌സ് യൂണിറ്റുകൾ ഉണ്ടെങ്കിലും നന്ദിയോട്ടെ പടക്ക നിർമ്മാണ മേഖലയ്ക്ക് പ്രയോജനമൊന്നുമില്ല.
ആവശ്യം ഫയർ സ്റ്റേഷൻ
ഇവിടെ തീ പിടിത്തമുണ്ടായാൽ ഫയർഫോഴ്‌സ് സ്ഥലത്തെത്താൻ മണിക്കൂറുകൾ കഴിയും. ജനവാസ കേന്ദ്രങ്ങളും ഇടുങ്ങിയ വഴികളും പിന്നിട്ട് അഗ്നിശമന സേന സ്ഥലത്തെത്തുമ്പോഴേക്കും അഗ്നി പടർന്നു പിടിച്ചിട്ടുണ്ടാവും. പച്ച ക്ഷേത്രത്തിന് സമീപവും പാലുവള്ളിയിലും മുമ്പ് തീപിടിത്തമുണ്ടായപ്പോൾ നാട്ടുകാർ ഇത് നേരിൽക്കണ്ടതാണ്. ഇതേത്തുടർന്ന് നന്ദിയോട് കേന്ദ്രമായി ഫയഫോഴ്‌സ് യൂണിറ്റ് അനുവദിക്കുമെന്ന് ജനപ്രതിനിധികൾ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, തൊട്ടടുത്ത പഞ്ചായത്തിലാണ് ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടന്നുവരുന്നത്. സ്ഥലം അനുവദിക്കാൻ നന്ദിയോട് ഗ്രാമപഞ്ചായത്തും പടക്ക നിർമ്മാതാക്കളും തയാറായിട്ടും അധികൃതർ നന്ദിയോടിനെ കൈയൊഴിയുകയാണ്. ദീപാവലി തിരക്ക് ബോദ്ധ്യപ്പെട്ടെങ്കിലും ഫയർഫോഴ്‌സ് നന്ദിയോട്ടേയ്ക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെയും തൊഴിലാളികളുടെയും ആവശ്യം. ഇക്കാര്യമുന്നയിച്ച് ആഭ്യന്തര വകുപ്പിലെ ഉന്നതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
കാവലാൾമാരായി കമ്പക്കെട്ട് ആശാന്മാർ !
നന്ദിയോടിന്റെ കരിമരുന്ന് പെരുമയിൽ സവിശേഷ സാന്നിദ്ധ്യമായ മൂന്ന് വെടിക്കെട്ട് ആശാന്മാരുണ്ട്. നാലു പതിറ്റാണ്ടിലേറെയായി ആഘോഷങ്ങൾക്ക് കളർ നൽകി കരിമരുന്ന് വിദ്യയിൽ പുതുതലമുറയെ കൈപിടിച്ച് നടത്തിയവർ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മത്സരക്കമ്പം നടത്തി പേരുകേട്ട പുലിയൂർ രാമചന്ദ്രൻ, ആലംപാറ സുശീലൻ, നന്ദിയോട് നന്ദൻ എന്നിവരാണ് ദീപാവലിക്കാലത്തെ നന്ദിയോട്ടെ താരങ്ങൾ. മണ്ണിലും വിണ്ണിലും വർണ്ണവിസ്മയം വാരിവിതറി കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന മൂന്ന് പേരുകളും സന്ദർശകർക്ക് സുപരിചിതമാണ്. ക്ഷേത്രോത്സവമായാലും ദീപാവലിക്കാലമായാലും ആശാന്മാർ തിരക്കിലാകും. പൂത്തിരിയും പ്രാവും റോക്കറ്റിൽ പറന്നുയർന്ന് മാനത്ത് ചിറകു വിടർത്തി നൃത്തമാടും. ദേശീയപതാകയും വമ്പൻ ഹാരവും മാനത്ത് വലയം തീർക്കും. പ്രതിഭ വിളിച്ചറിയിക്കുന്ന കരിമരുന്ന് പ്രകടനങ്ങൾക്കിടയിൽ ഒരിക്കൽ പോലും അപായമുണ്ടായിട്ടില്ലെന്നതാണ് ഇവരുടെ സവിശേഷത. സർക്കാരിന്റേയും വിവിധ ക്ഷേത്ര സമിതികളുടെയും നിരവധി പുരസ്‌കാരങ്ങൾ മൂവരെയും തേടിയെത്തിയിട്ടുണ്ട്. ഇവരുടെ ചുവടുപിടിച്ച് ഇരുപതോളം ലൈസൻസികളുടെ കീഴിലായി അമ്പതിലേറെ പടക്കശാലകളും വില്‌പ്പന കേന്ദ്രങ്ങളും നന്ദിയോട് പ്രവർത്തിക്കുന്നുണ്ട്. രണ്ടായിരത്തിലേറെ തൊഴിലാളികൾക്കാണ് ഈ തൊഴിൽ മേഖല ജീവനോപാധിയാവുന്നത്. ഇവരിൽ 1500 ഓളം സ്ത്രീ തൊഴിലാളികളുണ്ട്. ഒരുവർഷത്തെ വേതനം ഇവർക്ക് വീതിച്ചു നൽകുന്നത് ദീപാവലിക്കാണ്. പെണ്മക്കളെ വിവാഹം കഴിച്ചു വിടുന്നതും കയറിക്കിടക്കാൻ സ്വന്തമായി വീട് ഒരുക്കുന്നതുമെല്ലാം ആശാന്മാരുടെ കനിവിലും ദീപാവലിയുടെ നിറവിലുമാണ്.