പൂവാർ: മത്സ്യ ബന്ധനത്തിനിടെ ഇടിമിന്നലേറ്റ് അടിമലത്തുറ അമ്പലത്തുംമൂല സ്വദേശി സൈമണിന് (39) പരിക്കേറ്റു. ഭാഗികമായി തകർന്ന ബോട്ടിലെ വയർലസ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും കത്തിനശിച്ചു. പുല്ലുവിള പള്ളി കെട്ടിയ പുരയിടത്തിൽ ജൂലിയന്റെ ബോട്ടിൽ വെള്ളിയാഴ്ച വൈകിട്ടാണ് ഏഴംഗം സംഘം മത്സ്യ ബന്ധനത്തിനു പുറപ്പെട്ടത്. അന്നു രാത്രിയായിരുന്നു അപകടം. മിന്നലിന്റെ ആഘാതത്തിൽ ബോട്ടിൽ വിള്ളലുണ്ടാവുകയും വിള്ളലിലൂടെ വെള്ളം കയറിയെങ്കിലും അത് കോരി മാറ്റി ബോട്ട് തീരത്തേക്ക് അടുപ്പിക്കുകയായിരുന്നു. പുല്ലുവിള സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ് സൈമൺ. പുല്ലുവിള ചാളത്തടി പുരയിടത്തിൽ ശാലുവയ്യൻ (40), ചെമ്പകരാമൻപുരയിടത്തിൽ ഡെൽവിൻ (28), കിഴവിവിളാകത്തു ബിനു (28) പുതിയതുറ പുരയിടത്തിൽ സേവ്യർ ജോർജ്ജ് (40,) പള്ളികെട്ടിയ പുരയിടത്തിൽ സേവ്യർ (48,) എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തിൽ ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.