തിരുവനന്തപുരം : തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന സീസണിലെ ആദ്യ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളം ഹൈദരാബാദിനോട് സമനിലയിൽ പിരിഞ്ഞു. മൂന്നാം ദിവസത്തെ മത്സരം മഴ കാരണം തടസ്സപ്പെട്ടതിനാലാണ് ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോർ നേടിയിട്ടും കേരളത്തിന് സമനില വഴങ്ങേണ്ടിവന്നത്.
ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്നാം ഇന്നിംഗ്സിൽ 495/6 എന്ന സ്കോറിൽ ഡിക്ളയർ ചെയ്യുകയായിരുന്നു. രണ്ടാം ദിനം ഒടുവിൽ ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദ് നാലാം ദിനമായ ഇന്നലെ കളി നിറുത്തുമ്പോൾ 228/5 എന്ന നിലയിലായിരുന്നു.
കേരളത്തിനു വേണ്ടി നായകൻ സച്ചിൻ ബേബിയും (147), പരിചയ സമ്പന്നനായ വി.എ. ജഗദീഷും (113 നോട്ടൗട്ട്) സെഞ്ച്വറികൾ നേടിയിരുന്നു. സച്ചിനും ജഗദീഷും ചേർന്ന് അഞ്ചാം വിക്കറ്റിൽ 182 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജലജ് സക്സേന (57), സഞ്ജു സാംസൺ (53) എന്നിവർ അർദ്ധ സെഞ്ച്വറികളും അക്ഷയ് ചന്ദ്രൻ പുറത്താകാതെ 48 റൺസും നേടി.
ഹൈദരാബാദിന്റെ തൻമയ് അഗർവാൾ (27), അക്ഷത് റെഡ്ഢി (3), രോഹിത് റായ്ഡു (35), ഹിമാലയ് അഗർവാൾ (48), രവി തേജ (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ബി.പി. സന്ദീപ് 56 റൺസുമായും സുമന്ത് 42 റൺസുമായും പുറത്താകാതെ നിന്നു. വി. എ. ജഗദീഷാണ് മാൻ ഒഫ് ദ മാച്ച്.