politics

പാലോട് : പതിനഞ്ചടിയിലേറെയുള്ള രാജവെമ്പാലയെ പിടികൂടാൻ നടുറോഡിൽ വാവ സുരേഷിന്റെ ഫൈറ്റ്. സാഹസിക ശ്രമത്തിനിടെ വാവസുരേഷിന്റെ കാലിന് പരിക്കേറ്റു. ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ സ്നേക്ക് മാസ്റ്റർ വാവ സർപ്പരാജനെ കീഴടക്കി. പത്ത് വയസുള്ള ആൺ രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

ഇന്നലെ വൈകിട്ട് നാലരയോടെ ചെങ്കോട്ട ഹൈവേയിൽ പാലോട് എക്‌സർവീസ് കോളനി ജംഗ്‌ഷനിലായിരുന്നു ഉഗ്രവിഷമുള്ള രാജവെമ്പാലയുമായുള്ള വാവയുടെ മല്പിടിത്തം. റോഡുവക്കിലെ മരപ്പൊത്തിൽ ഒളിച്ചിരുന്ന പാമ്പിനെ രണ്ടുദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പിടികൂടിയത്. വെള്ളിയാഴ്ച മലവെള്ളത്തിൽ കുട്ടത്തി ക്ഷേത്രം തോട്ടിലൂടെ ഒഴുകിവന്ന പാമ്പ് റോഡ് മുറിച്ചുകടന്ന് ഇറച്ചിപ്പാറ ആറ്റിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ സ്ഥലവാസികൾ കണ്ടെത്തുകയായിരുന്നു. റോഡരികിലെ മഹാഗണി മരത്തിനു സമീപം അപ്രത്യക്ഷമായ രാജവെമ്പാലയെ പിടികൂടാൻ വാവ സുരേഷ് എത്തിയെങ്കിലും വൈകിട്ടുവരെ തെരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. എക്‌സ്‌കോളനി ബ്രദേഴ്‌സ് കൂട്ടായ്മയിലെ അംഗങ്ങൾ വാവയുടെ നിർദ്ദേശമനുസരിച്ച് രാത്രിയിലും ഇവിടെ കാവലിരുന്നു. ആൾക്കൂട്ടത്തിന്റെ സാന്നിദ്ധ്യമില്ലാതെ ഇന്നലെ രാവിലെ മുതൽ വാവ സുരേഷ് സമീപത്തെ കുറ്റിക്കാട്ടിൽ മറഞ്ഞിരുന്നു. വൈകിട്ട് മരപ്പൊത്തിൽ നിന്ന് പുറത്തിറങ്ങിയ പാമ്പിനെ വാവ തൂക്കി ചാക്കിലാക്കുകയായിരുന്നു. ഈ ശ്രമത്തിനിടെയാണ് പാദത്തിന് മുറിവേറ്റത്. വാവ സുരേഷ് പിടികൂടുന്ന 150-ാമത്തെ രാജവെമ്പാലയാണിത്. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകൾ ചെങ്കോട്ട റോഡിൽ തടിച്ചുകൂടി.