stroke
stroke

തിരുവനന്തപുരം: പക്ഷാഘാതം (സ്‌ട്രോക്) ബാധിച്ചവർക്ക് അടിയന്തര ചികിത്സാ സൗകര്യമൊരുക്കുന്ന കോംപ്രിഹെൻസീവ് സ്‌ട്രോക്ക് സെന്ററുകൾ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് 5 കോടി രൂപ വീതം ഭരണാനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ സ്‌ട്രോക്ക് യൂണിറ്റ് ആറിന് ഉദ്ഘാടനം ചെയ്യും. ഇത് വിപുലീകരിച്ചാണ് സമഗ്ര സ്‌ട്രോക്ക് സെന്ററാക്കുക. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നിലവിലെ സ്‌ട്രോക്ക് യൂണിറ്റ് വിപുലപ്പെടുത്തി സമഗ്ര സ്‌ട്രോക്ക് സെന്ററാക്കും കാത്ത് ലാബ് ഉൾപ്പെടെ സ്‌ട്രോക്ക് ചികിത്സയ്ക്കാവശ്യമായ അതിനൂതന സൗകര്യങ്ങളാണ് ഈ സെന്ററിൽ ഒരുക്കുന്നത്. എല്ലാ മെഡിക്കൽ കോളേജുകളിലും സമഗ്ര സ്‌ട്രോക് സെന്ററുകൾ ആരംഭിക്കും

24 മണിക്കൂറും പ്രവർത്തിക്കുന്ന സുസജ്ജമായ ഒരു മെഡിക്കൽ സംഘമാണ് സ്‌ട്രോക്ക് സെന്ററിലുണ്ടാകുക. മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗത്തിന് കീഴിലാണ് സ്‌ട്രോക്ക് സെന്റർ പ്രവർത്തിക്കുക.

ഓരോ നിമിഷവും പ്രധാനമായതിനാൽ സ്‌ട്രോക്ക് വന്നതായി സംശയമുണ്ടെങ്കിൽ ഉടൻ വിളിക്കുന്നതിന് ഹെൽപ് ലൈൻ നമ്പർ ഏർപ്പെടുത്തിയിട്ടുണ്ട്. 9946332963 ആണ് തിരുവനന്തപുരം മെഡിക്കൽ സ്‌ട്രോക്ക് സെന്ററിലെ ഹെൽപ്പ് ലൈൻ നമ്പർ. ഉടനടി രോഗിക്ക് നൽകേണ്ട പരിചരണവും മറ്റും ഡോക്ടർ പറഞ്ഞുതരും. സംസ്ഥാനത്ത് എല്ലാ മെഡിക്കൽ കോളേജുകളിലും സ്‌ട്രോക്ക് സെന്ററുകൾ യാഥാർത്ഥ്യമാകുന്നതോടെ സ്‌ട്രോക്ക് മൂലമുണ്ടാകുന്ന അംഗവൈകല്യങ്ങളും ചികിത്സാ ചെലവും വളരെയധികം കുറയ്ക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.