പാലോട്: പെരിങ്ങമ്മല മാലിന്യപ്ലാന്റിനെതിരായ ജനകീയസമരം 127 ദിവസം പിന്നിടുമ്പോൾ ദേശീയ പരിസ്ഥിതി സംഘടനകളുടെ കൂട്ടായ്‌മയായ എൻ.എ.പി.എം നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി. ഗാന്ധിജയന്തി ദിനത്തിൽ ദണ്ഡിയിൽ നിന്നാരംഭിച്ച യാത്രയാണ് സമരപ്പന്തലിലെത്തിയത്. മാഗ്സസെ അവാർഡ് ജേതാവ് സന്ധീപ് പാണ്ഡേ ഉദ്‌ഘാടനം ചെയ്‌തു. ജീവിക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾക്ക് മേൽ കൈവയ്‌ക്കുന്നത് വികസനമല്ല വിനാശമാണ് സമ്മാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റുകളെ കുറിച്ചാണ് സർക്കാർ ആലോചിക്കേണ്ടതെന്ന് ഊർജ്ജ ശാസ്ത്ര ഗവേഷകൻ സൗമ്യ ദത്ത് പറഞ്ഞു. സമരസമിതി ചെയർമാൻ നിസാർ മുഹമ്മദ് സുൽഫിയുടെ അദ്ധ്യക്ഷതയിൽ സന്ദീപ് പാണ്ടെ, പ്രഫുല്ല സാമന്ത, മീര സംഘ മിത്ര, സുനിതി, സുഹാസ് കൊലേക്കർ, കമലാ യാദവ്, സൗമ്യ ദത്ത എന്നീ പരിസ്ഥിതി പ്രവർത്തകരും വാർഡ് മെമ്പർമാരായ സലീം പള്ളിവിള, ഇടവം ഷാനവാസ്, സജീന യഹിയ, മൈലക്കുന്ന് രവി, സൂനൈസ അൻസാരി, അരുൺകുമാർ എന്നിവരും സംസാരിച്ചു. 65 ദിവസം 26 സംസ്ഥാനങ്ങൾ പിന്നിട്ട് ഡിസംബർ 10 ന് ഡൽഹിയിൽ സമാപിക്കുന്ന സംരക്ഷണയാത്രയെ സ്വീകരിക്കാൻ സമരപ്പന്തലിൽ വൻ ജനാവലിയാണ് എത്തിയത്.