national-junior-athletics
national junior athletics

റിലേ സ്വർണവുമായി കേരളം

റാഞ്ചി : 34-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ മൂന്നാം ദിനത്തിൽ അണ്ടർ 18 പെൺകുട്ടികളുടെ മെഡ്ലെ റിലേയിൽ സ്വർണവുമായി കേരളം. ആൻസി സോജൻ, ഗൗരി നന്ദന, സാന്ദ്ര എ.എസ്, അപർണ റോയ് എന്നിവരടങ്ങിയ കേരള ടീം 2 മിനിട്ട് 13.53 സെക്കൻഡിലാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്.

അണ്ടർ 16 പെൺകുട്ടികളുടെ മെഡ്ലെ റിലേയിൽ കേരളത്തിന് വെങ്കലം ലഭിച്ചു. അണ്ടർ-20 പെൺകുട്ടികളുടെ 4 x 400 മീറ്റർ റിലേയിൽ വെള്ളിയും കേരളത്തിനാണ്. അർഷിത എസ്, നിദ കെ.എം, ഹെലൻ സജി, റിയാമോൾ ജോയ് എന്നിവരടങ്ങിയ ടീമിനാണ് വെള്ളി.

അണ്ടർ 18 ആൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ കേരളത്തിന്റെ അഖിൽകുമാർ സി.ഡി വെള്ളിയും ആകാഷ് എം. വർഗീസ് വെങ്കലവും നേടി. 15.15 മീറ്റർ ചാടി ഹരിയാനയുടെ വിശാൽ മോർ സ്വർണം സ്വന്തമാക്കിയപ്പോൾ അഖിൽ കുമാർ 15.03 മീറ്ററും ആകാശ് 14.96 മീറ്ററുമാണ് ചാടിയത്.

അണ്ടർ 20 പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിൽ കേരളത്തിന്റെ പി.ആർ. ഐശ്വര്യയ്ക്ക് വെങ്കലം ലഭിച്ചു. 13.03 മീറ്റർ ചാടിയ പഞ്ചാബിന്റെ രേണു സ്വർണം നേടിയപ്പോൾ ഐശ്വര്യ 12.46 മീറ്ററാണ് കണ്ടെത്തിയത്.