പാറശാല: ആറയൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചു സി.പി.എം പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഇന്നലെയായിരുന്നു തിരഞ്ഞെടുപ്പ്. സംഘർഷത്തെത്തുടർന്ന് പൊലീസ് രണ്ട് തവണ ലാത്തിവിശി. തുടർന്ന് കല്ലേറുമുണ്ടായി. തിരഞ്ഞെടുപ്പിൽ മത്സരിച്ച സി.പി.എം പ്രവർത്തകരായ ശ്രീകുമാർ, വിൻസന്റ്, സി.പി.എം പ്രദേശിക നേതാക്കളായ അപ്പുക്കുട്ടൻ, ജോജി, അരുൺ എന്നിവർക്കും വെള്ളറട സ്റ്റേഷൻ എസ്.ഐ സതിഷ് കുമാർ, സി.പി.ഒ ഷിബു എന്നിവർക്കുമാണ് പരിക്കേറ്റത്.
കോൺഗ്രസ് ഭരിക്കുന്ന ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടേക്കാമെന്ന പരാതിയിൽ പൊലീസ് സംരക്ഷണം നൽകാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ വ്യാജ വോട്ടർമാരെ ബൂത്തിലെത്തിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ഒരു പ്രകോപനവും കൂടാതെ പൊലീസ് ലാത്തിവീശുകയായിരുന്നുവെന്ന് സി.പി.എം പ്രദേശിക നേതൃത്വം കുറ്റപ്പെടുത്തി. സമാധനത്തിൽ നടന്നു കൊണ്ടിരുന്ന തിരഞ്ഞെടുപ്പിൽ വോട്ടർമാരെ തടയുന്നതുൾപ്പെടെയുള്ള പ്രകോപനം സി.പി.എമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടായതാണ് പൊലീസ് ലാത്തിച്ചാർജ്ജിൽ കലാശിച്ചതെന്ന് കോൺഗ്രസും ആരോപിക്കുന്നു.
അതെസമയം കോൺഗ്രസ്-എൽ.ഡി.എഫ് പാനലുകൾ തമ്മിൽ നടന്ന മത്സരത്തിൽ കോൺഗ്രസ് ഭരണം നിലനിർത്തി. മുൻ പ്രസിഡന്റ് വൈ.ആർ.വിൻസന്റ് തന്നെ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. സംഘർഷത്തിൽ കണ്ടാൽ അറിയാവുന്ന 25 പേർക്ക് എതിരെ പാറശാല പൊലീസ് കെസെടുത്തു.