കുട്ടനാട്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു. 23നാണ് പൊങ്കാല. കാർത്തിക പൊങ്കാലയുടെ വരവ് അറിയിച്ച് നിലവറദീപം തെളിക്കൽ 18ന് രാവിലെ 9ന് മൂലകുടുംബനടയിൽ നടക്കും. വൈകിട്ട് 5.30ന് കാർത്തികസ്തംഭം ഉയർത്തും.
ക്ഷേത്രപരിസരം കൂടാതെ 70 കിലോമീറ്റർ ചുറ്റളവിൽ യാഗശാലയായിമാറുന്ന പൊങ്കാലയിൽ പങ്കെടുക്കാൻ ഭക്തലക്ഷങ്ങളാണ് എത്തുക. പൊങ്കാലദിവസം പുലർച്ചെ 4ന് നിർമ്മാല്യദർശനം, അഷ്ടദ്രവ്യമഹാഗണപതി ഹോമം, 9ന് വിളിച്ചുചൊല്ലി പ്രാർത്ഥന എന്നിവ നടക്കും. 10ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പണ്ടാരഅടുപ്പിലേക്ക് അഗ്‌നി പകരും. ഗോകുലം ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗോകുലം ഗോപാലൻ പൊങ്കാല ഉദ്ഘാടനവും അന്നദാനമണ്ഡപ സമർപ്പണവും നിർവഹിക്കും.
ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷനാകും. മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് 11 ഓടെ അഞ്ഞൂറിലധികം വേദപണ്ഡിതൻമാരുടെ മുഖ്യകാർമ്മികത്വത്തിൽ 41 ജീവതകളിലായി ദേവിയെ എഴുന്നള്ളിച്ച് പൊങ്കാല നിവേദിക്കും. ജീവത എഴുന്നള്ളത്ത് തിരികെ ക്ഷേത്രത്തിലെത്തിയ ശേഷം ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ ഉദ്ഘാടനം ചെയ്യും. മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷനാകും. രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. രമേശ് ഇളമൺ നമ്പൂതിരി പ്രഭാഷണം നടത്തും. യു.എൻ വിദഗ്ദ്ധ സമിതി ചെയർമാനും മേഘാലയ സർക്കാരിന്റെ ഉപദേശകനുമായ ഡോ.സി.വി.ആനന്ദബോസ് കാർത്തികസ്തംഭത്തിൽ അഗ്‌നിപകരും. തലവടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജനൂപ് പുഷ്പാകരൻ, നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സുനിൽകുമാർ, കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൾലത്തീഫ്, പഞ്ചായത്തംഗങ്ങളായ ബാബു വലിയവീടൻ, ലാലി അലക്സ്, അജിത് പിഷാരത്, അബാസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാർ, ജയിംസ്ചുങ്കത്തിൽ എന്നിവർ സംസാരിക്കും. ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അഡ്വ.കെ.കെ.ഗോപാലകൃഷ്ണൻ നായർ സ്വാഗതവും ഉത്സവകമ്മിറ്റി സെക്രട്ടറി സന്തോഷ് ഗോകുലം നന്ദിയും പറയും.