കോട്ടയം: കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ 2.052 കിലോഗ്രാം കഞ്ചാവുമായി സി.എ.വിദ്യാർഥിയും ഓൺലൈൻ ഭക്ഷണ വിതരണക്കമ്പനി ജീവനക്കാരനും പിടിയിൽ. കൊല്ലം ചവറ പുതുക്കാട് അമൃതാലയത്തിൽ അനന്തു (21), കൊറ്റംകര ബീമാ മൻസിലിൽ ബിൻഷാദ് (23) എന്നിവരാണ് പിടിയിലായത്. അനന്തു എറണാകുളത്ത് സി.എ വിദ്യാർത്ഥിയാണ്. ബിൻഷാദ് ഓൺലെൻ ഭക്ഷണ വിതരണക്കമ്പനിയിലെ ജീവനക്കാരനാണ്. കമ്പത്ത് നിന്ന് കഞ്ചാവുമായി തമിഴ്‌നാട് അതിർത്തി ചെക്ക്പോസ്റ്റായ കമ്പംമെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
ഡ്രൈവർ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എം.ജെ. ജോസഫിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു കമ്പംമെട്ട് എക്സൈസ് ഇൻസ്‌പെക്ടർ പി.എം. കുഞ്ഞുമുഹമ്മദിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ പി.ഡി. സേവ്യർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശശികുമാർ, പ്രിൻസ് ഏബ്രാഹം, രഞ്ജിത്ത്, അനുരാജ്, ബിജു ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. എറണാകുളം കേന്ദ്രീകരിച്ച് സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കും അന്യ സംസ്ഥാനത്തൊഴിലാളികൾക്കും കഞ്ചാവ് പൊതികളാക്കി ഇവർ വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.