കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രധാന തെളിവുകളിലൊന്നായ ലാപ്ടോപ്പ് ഹാജരാക്കാതെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ബിഷപ്പ് ഫ്രാങ്കോക്ക് എതിരെ കേസ് എടുക്കാൻ നീക്കം. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷ് നവംബർ അഞ്ചിനുള്ളിൽ ലാപ്ടോപ്പ് ഹാജരാക്കണമെന്ന് ബിഷപ്പ് ഫ്രാങ്കോക്ക് കർശന നിർദ്ദേശം നല്കിയിരുന്നു. എന്നാൽ അത് കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ഫ്രാങ്കോ മുളയ്ക്കൽ അന്വേഷണ ഉദ്യോഗസ്ഥനെ ഇന്നലെ അറിയിച്ചത്. ഇതോടെയാണ് തെളിവ് നശിപ്പിച്ചതിന് ഫ്രാങ്കോയ്ക്ക് എതിരെ കേസ് എടുക്കാൻ ആലോചിക്കുന്നത്. ലാപ്ടോപ്പ് ഹാജരാക്കുവാനുള്ള സമയം ഇന്ന് അവസാനിക്കും.
2016-ൽ ഡൽഹിയിൽ താമസിക്കുന്ന ബന്ധുവായ സ്ത്രീ കന്യാസ്ത്രീക്കെതിരെ പരാതി നല്കിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും ഫ്രാങ്കോ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നാണ് പൊലീസിന്റെ നിഗമനം.
കന്യാസ്ത്രീക്കെതിരെയുള്ള അന്വേഷണ ഉത്തരവ് ടൈപ്പ് ചെയ്ത ലാപ്ടോപ്പാണ് അന്വേഷണ സംഘം ഹാജരാക്കാൻ നിർദ്ദേശിച്ചത്. ഇതാണ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഫ്രാങ്കോ ഇപ്പോൾ പറയുന്നത്. എന്നാൽ ഉത്തരവിന്റെ പകർപ്പും മറ്റും ഫ്രാങ്കോ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ബിഷപ്പ് ഫ്രാങ്കോക്കെതിരെ പരാതി പറഞ്ഞതിനുശേഷമാണ് കന്യാസ്ത്രീക്കെതിരെ ഇത്തരമൊരു പരാതി ലഭിച്ചുവെന്നും അത് അന്വേഷിക്കാൻ ഉത്തരവായതെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ലാപ്ടോപ്പ് കണ്ടെത്തിയാൽ ഉത്തരവിട്ടതിന്റെ തീയതിയും സമയവും കൃത്യമായി കണ്ടെത്താൻ കഴിയും. ലാപ്ടോപ്പ് ഹാജരാക്കിയാൽ ബിഷപ്പ് ഫ്രാങ്കോയുടെ അവകാശവാദം പൊളിയും എന്നതുകൊണ്ടാണ് ലാപ്ടോപ്പ് ഹാജരാക്കാത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പീഡനവിവരം പൊലീസിൽ പരാതിപ്പെട്ടശേഷമാണ് കന്യാസ്ത്രീക്കെതിരെ ഒരു സ്ത്രീയുടെ പരാതിയിൻമേൽ അന്വേഷണ ഉത്തരവ് ഇറക്കിയതെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ ബിഷപ്പ് ഫ്രാങ്കോ ചോദ്യം ചെയ്യലിൽ നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ഇത് ടൈപ്പ്ചെയ്ത ലാപ്ടോപ്പ് ഹാജരാക്കാൻ പൊലീസ് നിർദ്ദേശിച്ചത്.