അഭിപ്രായ വോട്ടെടുപ്പുകളെ ആധാരമാക്കി ഛത്തീസ്‌ഗഢിൽ ഏത് പാർട്ടി അധികാരത്തിൽ വരുമെന്ന നിഗമനത്തിന് മുതിർന്നാൽ പ്രവചനം ബി.ജെ.പിക്ക് അനുകൂലമാകാനേ തരമുള്ളൂ. മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രമൺസിംഗിന്റെ പൊതുസമ്മതിയോട് കിടപിടിക്കാൻ കെല്പുള്ള ഒരു നേതാവിനെ ഉയർത്തിക്കാട്ടാൻ കോൺഗ്രസിന് ഇനിയും കഴിയാത്തതാണ് കാരണം. അടുത്ത മുഖ്യമന്ത്രി ആരാകണമെന്നാണ് ചോദ്യമെങ്കിൽ ഭൂരിപക്ഷത്തിന്റെയും ഉത്തരം രമൺസിംഗ് എന്നായിരിക്കും. ഈ ഉത്തരത്തിൽ നിന്നാണ് ഛത്തീസ്‌ഗഢിലെ വിധിയെഴുത്തിനെക്കുറിച്ച് കണക്കുകൂട്ടാൻ തുടങ്ങുന്നതെങ്കിൽ പ്രവചനം തെറ്റിപ്പോയെന്ന് വരാം.
കാരണങ്ങൾ മൂന്നാണ്. ഒന്ന്: അഭിപ്രായ വോട്ടെടുപ്പ് ചുക്കോ ചുണ്ണാമ്പോയെന്ന് അറിയാത്തവരാണ് ഈ പിന്നാക്ക സംസ്ഥാനത്തെ ജനങ്ങളിൽ ഭൂരിഭാഗവും. രണ്ട് : മുഖ്യമന്ത്രിക്കുള്ള ജനസമ്മിതി മൂന്ന് തവണയായി അധികാരത്തിൽ തുടരുന്ന ബി.ജെ.പി സർക്കാരിനില്ല. മൂന്ന് : ജനവിധിയെ സ്വാധീനിക്കുന്ന നിർണായക ഘടകങ്ങളിൽ ഒന്നായ ജാതിസമവാക്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് ഇത്തവണ കോൺഗ്രസിന്റെ പടയൊരുക്കം.
സാധാരണക്കാരും ദരിദ്രരും പരമദരിദ്രരുമാണ് ഛത്തീസ്‌ഗഢിലെ ജനങ്ങളിൽ ഭൂരിഭാഗവും. ദരിദ്രരുടെയും പരമദരിദ്രരുടെയും മുന്നിൽ ദൈവം പ്രത്യക്ഷപ്പെടുന്നത് പോലും ആഹാരത്തിന്റെ രൂപത്തിലാണെന്ന് ഒരു ചൊല്ലുണ്ട്. ഈ ചൊല്ല് സത്യമാണെങ്കിൽ ദൈവത്തെ പ്രത്യക്ഷപ്പെടുത്താനുള്ള മാന്ത്രിക വടി ഫലപ്രദമായ പൊതുവിതരണ സംവിധാനമാണ്. പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കിയതാണ് രമൺസിംഗിന്റെ പ്രധാന സംഭാവന. സാധാരണക്കാർക്ക് തൊട്ടറിയാൻ സാധിക്കുന്ന ഒരു പരിഷ്കാരമാണ് ഇത്. അദ്ദേഹമാകട്ടെ, പ്രചരണ വിരുതിലൂടെ ഈ നേട്ടത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ചാൽ കടുത്ത രാഷ്ട്രീയ പ്രതിയോഗികൾക്കല്ലാതെ എത്ര പേർക്ക് സാധിക്കും മറ്റൊരു നേതാവിന്റെ പേര് പറയാൻ.
പക്ഷേ, ഒരു പ്രശ്നമുണ്ട്. ഛത്തീസ്‌ഗഢിലെ 90 മണ്ഡലങ്ങളിലും രമൺസിംഗിന് മത്സരിക്കാൻ സാധിക്കില്ല. ബി.ജെ.പിയെ പിന്തുണച്ചിരുന്ന കർഷകരെ പോലും ക്ഷുഭിതരാക്കിയ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുമുണ്ട് മത്സരരംഗത്ത്. ഭരണവിരുദ്ധ വികാരത്തിന്റെ ഒരു അടിയൊഴുക്ക് കൂടി ഇത്തവണ ജനവിധിയെ സ്വാധീനിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാന കാരണങ്ങളിൽ ഒന്ന് ഇതാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പോലെ തന്നയാണ് ഛത്തീസ്‌ഗഢ്. വിധിയെഴുത്തിലെ പരമ്പരാഗത ശീലങ്ങൾ വിടാതെ പിന്തുടരുന്നതിനാൽ വർണവും അവർണവുമൊക്കെ ജനവിധിയിൽ നിർണായക സ്വാധീനം ചെലുത്തും. കോൺഗ്രസിനെ പിന്തുണച്ചിരുന്നവരിൽ 65 ശതമാനവും ദളിതരാണ്. സവർണരും പിന്നാക്ക വിഭാഗക്കാരുമാണ് ബി.ജെ.പിയെ പിന്തുണച്ചിരുന്നത്. ദളിതനായ അജിത് ജോഗി കോൺഗ്രസിന്റെ അനിഷേദ്ധ്യ നേതാവായിരുന്ന കാലത്ത് വർണമോ അവർണമോ നോക്കാതെ ആഢ്യത്വം കാട്ടാനെന്നോണം ബി.ജെ.പിയുടെ താമരയിൽ ആകൃഷ്ടരാവുകയായിരുന്നു പിന്നാക്ക വിഭാഗക്കാർ. അജിത് ജോഗിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയും അദ്ദേഹം പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തതോടെ അപകടം മണത്ത കോൺഗ്രസ് ദേശീയ നേതൃത്വം പിന്നാക്ക വോട്ടുകൾ ലക്ഷ്യമിട്ട് തന്ത്രം മെനയുകയായിരുന്നു.
സംസ്ഥാനത്തെ പ്രമുഖ പിന്നാക്ക വിഭാഗ നേതാവായ തമർദ്വാജ് സാഹുവിനെ പാർട്ടി വർക്കിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കുർമി സമുദായക്കാരനായ ഭൂപേഷ് ബാഗലാണ് പി.സി.സി അദ്ധ്യക്ഷൻ. സംസ്ഥാന ചുമതലയുള്ള ദേശീയ സെക്രട്ടറിയാകട്ടെ, ചന്ദൻ യാദവാണ്. കുർമി, യാദവ സമുദായങ്ങൾ പൊതുവെ ബി.ജെ.പിയെയാണ് പിന്തുണച്ചിരുന്നത്. ആ സ്ഥിതിയിൽ ഇത്തവണ മാറ്റം വന്നേക്കാം. വിജയസാദ്ധ്യത മാത്രം പരിഗണിച്ച് സ്ഥാനാർത്ഥിയെ നിറുത്തുകയെന്ന ബി.ജെ.പിയുടെ തന്ത്രവും ഇത്തവണ കോൺഗ്രസ് പ്രയോഗിച്ചു.
ബി.ജെ.പിയിലെ നാല് പ്രമുഖ മന്ത്രിമാരെ നേരിടാൻ പാർട്ടി നിയോഗിച്ചത് വോട്ട് ആകർഷിക്കാൻ സാദ്ധ്യതയുള്ള പുതുമുഖങ്ങളെയാണ്. മാവോയിസ്റ്റുകളെ സഹായിക്കുന്നത് കോൺഗ്രസാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. മാവോയിസ്റ്റുകൾക്ക് സ്വാധീനമുള്ള മേഖലകളിൽ ഈ ആരോപണം ഏത് പാർട്ടിയെ തുണയ്ക്കുമെന്ന് ഇനി വേണം വ്യക്തമാകാൻ.
ആദ്യ മുഖ്യമന്ത്രിയും ദളിത് നേതാവുമായ അജിത് ജോഗിയുടെ ഛത്തീസ്‌ഗഢ് ജനതാ കോൺഗ്രസ് മായാവതിയുടെ ബി.എസ്.പിയുമായി സഖ്യത്തിലേർപ്പെട്ട് ഒരു മൂന്നാം മുന്നണി പോലെ ജനവിധി തേടുന്നതാണ് കോൺഗ്രസ് നേരിടുന്ന യഥാർത്ഥ ഭീഷണി. ബി.എസ്.പി കഴിഞ്ഞ തവണ ഒരു സീറ്റിൽ വിജയിച്ചിരുന്നു. ഇരുപാർട്ടികളും കൈകോർത്തിരിക്കെ, കോൺഗ്രസിന്റെ ദളിത് വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാകുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ തവണ ബി.ജെ.പി അധികാരത്തിലേറിയെങ്കിലും വോട്ട് നിലയിലെ വ്യത്യാസം ഒരു ശതമാനത്തിലും താഴെയായിരുന്നു. ജോഗി - മായാവതി സഖ്യം കോൺഗ്രസിന് ലഭിച്ച രണ്ടോ മൂന്നോ ശതമാനം വോട്ടുകൾ ചോർത്തിയാൽ, പിന്നാക്ക വിഭാഗക്കാരിൽ നിന്ന് എത്ര ശതമാനം വോട്ടുകൾ കോൺഗ്രസിന് അധികം സമാഹരിക്കാൻ കഴിയുമെന്ന ചോദ്യത്തെ ആശ്രയിച്ചിരിക്കും ഇത്തവണ ഛത്തീസ്‌ഗഢിലെ വിധിയെഴുത്ത്.