പയ്യന്നൂർ: പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിൽ കോറോം നെല്ലിയാട്ടുണ്ടായ സി.പി.എം, ബി.ജെ.പി സംഘർഷത്തിൽ യുവതിയും മകളും ഉൾപ്പെടെ നാലു പേർക്ക് പരിക്ക്. ബി.ജെ.പി നേതാക്കളുടെ വീടുകൾക്ക് മുന്നിൽ ബോംബ് സ്‌ഫോടനവും ഉണ്ടായി. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്.
അക്രമത്തിൽ പരിക്കേറ്റ കോറോം ആലക്കാട് നെല്ലിയാട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൽകുമാർ (30), സി.പി.എം പ്രവർത്തകൻ രമേശൻ (30) എന്നിവരെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും ബി.ജെ.പി പ്രവർത്തകയായ നെല്ലിയാട്ടെ ലീഷ്മ (38), മകൾ അശ്വതി (15) എന്നിവരെ പയ്യന്നൂർ ഗവ: താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി സനൽകുമാറും രമേശനും സംസാരിച്ചുകൊണ്ടിരിക്കെ രാത്രി 10 മണിയോടെ ഒരു സംഘം ബി.ജെപി- ആർ.എസ്.എസ് പ്രവർത്തകർ മാരകായുധങ്ങളുമായി എത്തി ആക്രമിച്ചുവെന്നാണ് പറയുന്നത്. തുടർച്ചയായി ലീഷ്മയുടെ വീടിന് നേരെയും ആക്രമണം നടന്നു. വീടിന്റെ ജനൽചില്ലുകളും മറ്റും അക്രമികൾ തല്ലിതകർത്തു. ഇതിനിടയിലാണ് ലീഷ്മക്കും അശ്വതിക്കും പരിക്കേറ്റത്. ലീഷ്മയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചു വരുന്നത്. ഇതിന് ശേഷം ഇന്ന് പുലർയോടെയാണ് ബി.ജെ.പി നേതാക്കളുടെ വീടുകൾക്ക് മുന്നിൽ ബോംബ് സ്‌ഫോടനമുണ്ടായത്.
ബി.ജെ.പി പയ്യന്നൂർ മണ്ഡലം സെക്രട്ടറി ഗംഗാധരൻ കാളീശ്വരം, ബിജു ആലക്കാട് എന്നിവരുടെ വീടുകൾക്ക് മുന്നിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. സ്റ്റീൽ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. ഗംഗാധരന്റെ വീടിന്റെ ഗേറ്റിന് മുന്നിൽ റോഡിലാണ് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചത്. സ്‌ഫോടന ശബ്ദം കേട്ട് ഞെട്ടി ഉണർന്ന ഗംഗാധരൻ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. കണ്ണൂരിൽ നിന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. ബോംബാക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.