s

കടയ്ക്കാവൂർ: മാനത്ത് മഴമേഘം കണ്ടാൽ വക്കത്തെ വൈദ്യുതി വിതരണം താളംതെറ്റും. പിന്നീട് ഇവിടുത്തെ ജനം കൂരിരുട്ടിൽ വലയുകയാണ്. വക്കം പഞ്ചായത്ത്, മണമ്പൂർ തുടങ്ങിയ പ്രദേശങ്ങളും വക്കം ഇലക്ട്രിക്ട്രിക്കൽ സെക്ഷന്റെ പരിധിയിലാണ്. ഇവിടെ മഴയൊ കാറ്റൊ വന്നാൽ മതി കറന്റ് പോകാൻ. എന്നാൽ മഴയും കാറ്റും പൊയാലും കരണ്ടുവരാൻ പിന്നെയും വേണം മണിക്കൂറുകൾ. ഈ അവസ്ത തുടങ്ങിയിട്ട് മാസങ്ങളായി നിരവധി പരാതികളും നിവേദനങ്ങളും നാട്ടുകാർ അധികൃതർക്ക് നൽകി. എന്നിട്ടും ഗതി പഴയതുതന്നെ. വൈദ്യുതി നിലച്ചാൽ എന്താണ് തകരാറെന്നും എവിടെയാണ് തകരാറെന്നും കണ്ടെത്താൻ ജീവനക്കാർക്ക് കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.

തെരുവുവിളക്കും കഷ്ടത്തിൽ

തെരുവുവിളക്കുകൾ കത്തിക്കുന്നതിന്റെ ചുമതല ഇലക്ട്രിസിറ്റി ബോർഡിനായിരുന്നപ്പോൾ ലൈറ്റ് കത്തിയില്ലെങ്കിൽ പഞ്ചായത്ത് ഇടപെടുമായിരുന്നു. വൈദ്യുതി ഉദ്യോഗസ്ഥർ അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഗരിക്കുമായിരുന്നു. എന്നാൽ തെരുവുവിളക്കിുകൾ കത്തിക്കുന്ന ചുമതല പഞ്ചായത്തിനായതോടെ ലൈറ്റ് സ്ഥാപിക്കാനുള്ള ചുമതല കോൺട്രാക്ടർക്ക് നൽകും. എന്നാൽ ഈ വിളക്കുകൾ വീണ്ടും ഉപയോഗ ശൂന്യമായാൽ ഈ കേൺട്രാക്ടർ തിരിഞ്ഞുനോക്കില്ല. ഇതാേടെ ഇൗ പഞ്ചായത്തിലെ ഏറിയ ഭാഗം തെരുവ് വിളക്കുകളും മിഴിയടക്കും. പഞ്ചായത്ത് പൂർണ്ണമായും ഇരുട്ടിലാകും. പരാതികളും പ്രതിഷേധങ്ങളും ഉണ്ടായിട്ടും അറിഞ്ഞഭാവം പോലും പഞ്ചായത്ത് അധികൃതർ കാണിക്കുന്നില്ല.

പൊറുതിമുട്ടി ജനം

തെരുവുവിളക്ക് കത്താതായതോടെ പഞ്ചായത്തിൽ തെരുവു നായ്ക്കളും ഇഴജന്തുക്കളും സാമൂഹിക വിരുദ്ധരും തലപൊക്കിയിരിക്കുകയാണ്. ഇവിടുത്തെ ജനങ്ങൾ ഇരുട്ടായാൽ പുറത്തിറങ്ങാൻ മടിക്കുകയാണ്. രാത്രികാല ട്രെയിൻ യാത്രക്കാരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. അകത്ത്മുറി, കടയ്ക്കാവൂർ, റെയിൽവെ സ്റ്റേഷൻ ഭാഗത്ത് നിന്നും വീട്ടിലെത്തേണ്ട യാത്രക്കാരും വീടുകളിൽ നിന്ന് രാത്രി കാലങ്ങളിൽ ട്രെയിൽവേ സ്റ്റേഷനിൽ എത്തേണ്ടവരുമാണ് വളരെയധികം കഷ്ടതകൾ അനുഭവിക്കുന്നത്. തെരുവ് നായ്ക്കളും ഇഴജന്തുക്കളും കടിച്ച സംഭവങ്ങൾ പലതുണ്ട്. വൈദ്യുതി ബുദ്ധിമുട്ടും തെരുവ് വിളക്കുകൾ കത്താത്തതും പരിഹരിച്ചാൽ ജനങ്ങളുടെ ബുദ്ധിമുട്ടിന് ഒരു പരിധിവരെ പരിഹാരമാകും.