ksrtc-bus-charge

തിരുവനന്തപുരം: സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നത് ഓർഡിനറി ബസുകളുടെ നിരക്ക് വർദ്ധനയാണ്.പക്ഷേ, നടപ്പാക്കുമ്പോൾ സൂപ്പർ ഡീലക്സുവരെയുള്ള നിരക്കെല്ലാം കുത്തനെ കൂടും. ഓർഡിനറിയുടെ മിനിമം നിരക്കിൽ ഒരു രൂപയുടെ വർദ്ധനയും മറ്റ് ഫെയർ സ്റ്റേജുകളിൽ 10% നിരക്ക് വർദ്ധനയും എന്നൊക്കെ പറയും. പക്ഷെ, ഫെയർ സ്റ്റേജ് നിശ്ചയിക്കുമ്പോൾ ഓർഡിനറി നിരക്കിൽത്തന്നെ 25 ശതമാനം വർദ്ധന ഉണ്ടാകും. ദീർഘദൂര നിരക്കിൽ 10 രൂപ മുതൽ 50 രൂപവരെ ഉയരും. നേട്ടം കെ.എസ്.ആർ.ടി.സിക്കാണ്.

ട്രെയിൻ നിരക്കുമായി താരതമ്യം ചെയ്താൽ വലിയ നിരക്കാണ് ദീർഘദൂര ബസുകളിൽ കെ.എസ്.ആർ.ടി.സി ഈടാക്കുന്നത്. ട്രെയിനിലെ ജനറൽ സീറ്റിൽ ഈടാക്കുന്നതിന്റെ ഇരട്ടിയിലേറെ നിരക്കാണ് കെ.എസ്. ആർ.ടി. സി ഫാസ്റ്റിനും സൂപ്പർ ഫാസ്റ്റിനും നൽകേണ്ടത്.

കഴിഞ്ഞ മാർച്ചിലാണ് ബസ് ചാർജ് വർദ്ധിപ്പിച്ചത്. അതിനും രണ്ടുവർഷം മുമ്പും നിരക്ക് കൂട്ടിയിരുന്നു. കെ.എസ്.ആർ.ടി.സിയും നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങനെയാണ് ബസ് ചാർജ് വർദ്ധന പരിശോധിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനെ നിയോഗിച്ചത്. അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ സർക്കാർ അംഗീകരിക്കുകയാണ് ചെയ്യുന്നത്.

ദീർഘദൂരയാത്ര താരതമ്യം

റൂട്ട് 1.ബസ് സൂപ്പർഫാസ്റ്റ് 2. ബസ് സൂപ്പർ ഡീലക്സ് 3.ട്രെയിൻ (ജനറൽ) 4. ട്രെയിൻസ്ലീപ്പർ

തിരുവനന്തപുരം- കോട്ടയം 137 181 60 130

തിരുവനന്തപുരം- ആലപ്പുഴ 143 191 55 120

തിരുവനന്തപുരം- എറണാകുളം 192 251 80 145

തിരുവനന്തപുരം- തൃശൂർ 255 331 95 180

തിരുവനന്തപുരം- കോഴിക്കോട് 357 461 130 210

തിരുവനന്തപുരത്തു നിന്നുമുള്ള എ.സി യാത്രാ നിരക്ക്

കെ.എസ്.ആർ.ടി.സി (സ്കാനിയ) ട്രെയിൻ (തേഡ് എ.സി)

കോട്ടയം 263 290

ആലപ്പുഴ 274 260

എറണാകുളം 368 355

തൃശൂർ 494 415

കോഴിക്കോട് 694 525

 ട്രെയിൻ തേഡ് എ.സി സ്ളീപ്പർ ബർത്താണ്.  സ്കാനിയയിൽ സെമി സ്ലീപ്പറും

''ബസുടമകളുടേത് ആവശ്യം ന്യായമാണോ എന്നു പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനെ നിയോഗിച്ചത്. അതിനർത്ഥം ബസ് ‌ചാർജ് കൂട്ടാൻ സർക്കാർ തയ്യാറായി എന്നല്ല. റിപ്പോർട്ട് വരട്ടെ, മുൻവിധി വേണ്ട''-

എ.കെ.ശശീന്ദ്രൻ, ഗതാഗത മന്ത്രി