കിളിമാനൂർ: സംസ്ഥാന പാതയിൽ പാപ്പാല ഗവൺമെന്റ് എൽ.പി.എസിന് സമീപം റോഡിന് ചേർന്നുള്ള മേൽമുൂടിയില്ലാത്ത ഓട അപകട ഭീഷണിയാകുന്നു. നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ പ്രവേശന കവാടത്തിന് മുന്നിലാണ് ഈ ഓട നിലകൊള്ളുന്നത്. റോഡിന് വശത്തുള്ള ഓടകളിലെ മലിനജലം ഇവിടെ വച്ചാണ് റോഡിനടിയിലുള്ള ഓവു ചാലിലൂടെ റോഡിന് മറു വശത്ത് എത്തുന്നത്. റോഡും ഓsയും വേർതിരിക്കാൻ ചെറിയ ഒരു കലിങ്ക് മാത്രമാണുള്ളത്. മഴക്കാലമായാൽ ശക്തമായ ഒഴുക്കിലാണ് ഇതുവഴി വെള്ളം ഒഴുകുന്നത്. സ്കൂളിൽ എത്തുന്ന കുട്ടികൾ വെള്ളത്തിൽ കളിക്കാനും തുടർന്ന് അപകടത്തിൽ പെടാനുമുള്ള സാദ്ധ്യത വളരെ വലുതാണ്. ദിവസേന നിരവധി അപകടങ്ങൾ നടക്കുന്ന ഈ റോഡിൽ തെരുവ് വിളക്കുകൾ പോലും കത്താത്തതിനാൽ വാഹനങ്ങൾക്കും, കാൽ നടയാത്രക്കാർക്കും അപകട ഭീഷണിയായി മാറിയിരിക്കുകയാണ് ഈ ഓട.
കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ നിത്യേന പണി നടക്കുന്ന ഈ റോഡിൽ ഇത്തരം അപകട സ്ഥലങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. എത്രയും വേഗം ഓടയിൽ മേൽ മൂടി സ്ഥാപിച്ച് നൂറോളം വരുന്ന കുട്ടികളുടെയും, കാൽ നടയാത്രക്കാരുടെയും, വാഹനയാത്രക്കാരുടെയും ജീവന് സുരക്ഷ ഉറപ്പുവരുത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.