sreedharan-pillai

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെ അജൻഡയിൽ എല്ലാവരും വീണെന്നും സന്നിധാനത്ത് യുവതികൾ പ്രവേശിച്ചാൽ നട അടയ്ക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് തന്നെ വിളിച്ചശേഷമാണെന്നും പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള യുവമോർച്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പ്രസംഗിച്ചത് ബി. ജെ. പിയെ കടുത്ത പ്രതിരോധത്തിലാക്കി.

ചിത്തിര ആട്ടവിശേഷത്തിന് നടതുറക്കുകയും യുവതികളെ തടയാൻ സമരം ശക്തമാക്കുകയും ചെയ്ത സന്ദർഭത്തിലാണ് ശ്രീധരൻ പിള്ളയുടെ വാക്കുകൾ വിവാദത്തിനിടയാക്കിയത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ പടലപ്പിണക്കമാണ് പ്രസംഗം പുറത്ത് പ്രചരിക്കാൻ ഇടവരുത്തിയതെന്നും അഭ്യൂഹമുണ്ട്. പാർട്ടി അഖിലേന്ത്യാ നേതൃത്വത്തിന് മുന്നിൽ ഇത് പരാതിയായെത്തിയേക്കും.

ശബരിമല പ്രശ്നം പാർട്ടിക്ക് സുവർണ്ണാവസരമാണെന്നും , അവസാനം കളത്തിൽ ബി.ജെ.പിയും ഭരണകൂടപാർട്ടിയും മാത്രമാകുമെന്ന പരാമർശവും പ്രസംഗ ദൃശ്യത്തിലുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയെ പ്രഹരിക്കാൻ ഇതു ആയുധമാക്കി.ഈ പ്രസംഗത്തിന്റെ പേരിൽ ശ്രീധരൻപിള്ളയ്ക്കെതിരെ ഇടത് മുന്നണി നിയമനടപടിയിലേക്ക് കടക്കുകയാണ്. തങ്ങളുടെ അജൻഡയിലേക്ക് എല്ലാവരും വീണെന്ന പരാമർശം എൻ.എസ്.എസ് അടക്കമുള്ള സമുദായസംഘടനകളെ കുറിച്ചാണെന്നും വ്യാഖ്യാനമുണ്ടായി.

ബി.ജെ.പിയുടേത് രാഷ്ട്രീയ മുതലെടുപ്പിനുള്ള സമരമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തേ പറഞ്ഞതും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഞായറാഴ്ച കോഴിക്കോട് ചേർന്ന യുവമോർച്ച സംസ്ഥാന കൗൺസിൽ യോഗത്തിലായിരുന്നു വിവാദ പ്രസംഗം. അവസാനം ബി.ജെ.പിയും ഭരണകൂടപാർട്ടിയും മാത്രമേയുണ്ടാകൂ എന്ന പരാമർശം കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുകയാണ്.തങ്ങളെ തകർക്കുക എന്നത് ബി.ജെ.പിയുടെയും സി. പി. എമ്മിന്റെയും രഹസ്യ അജണ്ടയാണെന്ന് കോൺഗ്രസ് നേരത്തേതന്നെ ഉന്നയിക്കുന്ന ആക്ഷേപമാണ്.

അതിനിടെയാണ് ശ്രീധരൻപിള്ളയുടെ പ്രസംഗത്തിൽ ഇങ്ങനൊരു പരാമർശം ഉണ്ടായത്.