editorial-mbbs-sylabus-

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിൽ എല്ലാ തലങ്ങളിലുമുള്ള പാഠ്യപദ്ധതിയിൽ വളരെയധികം മാറ്റങ്ങൾ വന്നു. എന്നാൽ ഇരുപത്തൊന്നുവർഷമായി എം.ബി.ബി.എസ് സിലബസ് മാത്രം വലിയ മാറ്റത്തിന് വിധേയമാകാതെ നിൽക്കുകയായിരുന്നു. ഇപ്പോഴിതാ മെഡിക്കൽ സിലബസും മാറുകയാണ്. സമൂഹത്തിനാവശ്യമായ വിധം ഡോക്ടർമാരെ വാർത്തടുക്കാൻ പാകത്തിൽ സിലബസിൽ സമഗ്ര മാറ്റമാണ് ഉദ്ദേശിക്കുന്നത് . സിലബസ് പരിഷ്കരണത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകാരം നേടിക്കഴിഞ്ഞു സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ വരവോടെ മെഡിക്കൽ വിദ്യാഭ്യാസ നിലവാരം കുത്തനെ ഇടിഞ്ഞുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് കാലത്തിനിണങ്ങുംവിധം സിലബസ് പരിഷ്കരിക്കാനുള്ള നടപടിയുമായി മെഡിക്കൽ കൗൺസിൽ മുന്നോട്ടുവന്നിരിക്കുന്നത് പ്രായോഗിക പരിശീലനത്തിന് കൂടുതൽ ഉൗന്നൽ നൽകുന്നതിനൊപ്പം മെഡിക്കൽ വിദ്യാർത്ഥികളെ കൂടുതൽ സേവന തല്പരരാക്കുന്നതിനുള്ള ശ്രമവും സിലബസ് പരിഷ്കരണത്തിന്റെ ഭാഗമാണ് ധാർമ്മികതയ്ക്ക് പ്രാധാന്യം നൽകുന്നതിനൊപ്പംതന്നെ രോഗികളുമായുള്ള നല്ല ബന്ധമുണ്ടാക്കാനും കഴിയുമ്പോഴേ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ഡോക്ടറുടെ പിറവി ഉണ്ടാവുകയുള്ളൂ. നിലവിലുള്ള പാഠ്യഭാഗങ്ങൾക്ക് പുറമേ രോഗികളോടുള്ള പെരുമാറ്റം, ആശയവിനിമയം, ധാർമ്മികത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇനി എം.ബി.ബി.എസ് സിലബസിന്റെ ഭാഗമാകും. ക്ളിനിക്കൽ പരിശീലനം കോഴ്സിന്റെ ആദ്യവർഷം മുതൽ ഉണ്ടാകും. ഒരുമാസം നീളുന്ന ഫൗണ്ടേഷൻ കോഴ്സ്, ഇലക്ടീവുകൾ തിരഞ്ഞെടുക്കാൻ അവസരം ഇവയെല്ലാം സിലബസ് പരിഷ്കരണത്തിന്റെ ഭാഗമാണ്.

ദുർവഹമായ ജനപ്പെരുപ്പവും ചികിത്സാകേന്ദ്രങ്ങളുടെ പരിമിതികളും യോഗ്യതയുള്ള ഡോക്ടർമാരുടെ കുറവും രാജ്യത്തൊട്ടാകെ ആരോഗ്യ മേഖല നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഒരു ഡോക്ടർതന്നെ നൂറും അതിലേറെയും രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കേണ്ടിവരുമ്പോൾ ഉണ്ടാകാവുന്ന പരിമിതികൾ ഉൗഹിക്കാവുന്നതേയുള്ളൂ. മുന്നിലിരിക്കുന്ന രോഗി പറയുന്ന രോഗവിവരങ്ങൾ മുഴുവൻ കേൾക്കാനുള്ള ക്ഷമപോലും ചിലപ്പോൾ കാണുകയില്ല. ഉൗഴവും കാത്തു മുന്നിൽ നിൽക്കുന്ന രോഗികളുടെ നീണ്ട വരി പലപ്പോഴും അവരെ സമ്മർദ്ദത്തിലാക്കും. ചിലർ രോഗികളോട് കയർത്തെന്നിരിക്കും. അനിഷ്ടം കാണിച്ചെന്നിരിക്കും. ലോകമൊട്ടാകെ മെഡിക്കൽ രംഗത്തുണ്ടായ മാറ്റങ്ങളിൽ പലതും നമ്മുടെ രാജ്യത്ത് എത്തിയിട്ടില്ല. പുതിയ പുതിയ രോഗങ്ങളും നൂതന ചികിത്സാമുറകളും സ്വായത്തമാക്കേണ്ടതുണ്ട്. രോഗികളും ചികിത്സകനുമിടയ്ക്കുള്ള ആശയ വിനിമയം അങ്ങേയറ്റം പരിതാപകരമായ നിലയിലാണ്. രോഗി പറയുന്നത് മുഴുവൻ കേൾക്കും മുൻപേ കുറിപ്പടി എഴുതി അടുത്തയാളെ വിളിക്കുന്ന പ്രവണത പല ആശുപത്രികളിലുമുണ്ട്. പ്രത്യേകിച്ചും തിരക്കേറിയ സർക്കാർ ആശുപത്രികളിൽ നിന്നുയരുന്ന സ്ഥിരം പരാതിയാണിത്.

മെഡിക്കൽ കൗൺസിൽ അംഗീകരിച്ച പുതിയ സിലബസ് നടപ്പായാൽ മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനവും പരിശീലനവും കൂടുതൽ ലക്ഷ്യബോധം കൈവരിക്കും. കൂടുതൽ രോഗി കേന്ദ്രീകൃതമായ പഠനശൈലിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. വൈദ്യശാസ്ത്രരംഗത്ത് ആഗോളതലത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഉൾക്കൊള്ളുന്നവിധത്തിലാകും ക്ളിനിക്കൽ പരിശീലനവും ബോധനവും. പാരമ്പര്യ രീതികളിൽനിന്നു വളരെയധികം മാറ്റങ്ങൾ സിലബസിൽ ഉണ്ടാകും. പ്രായോഗിക പരിശീലനത്തിനുള്ള ക്ളാസുകൾ ആദ്യവർഷം തൊട്ടേ ഉണ്ടാകും. ജഡങ്ങൾക്ക് പകരം ഡമ്മിയാകും മേശമേൽ എത്തുന്ന എന്ന വ്യത്യാസമേയുണ്ടാവൂ. രണ്ടാംവർഷം മുതലായിരിക്കും ജഡങ്ങൾ ഉപയോഗപ്പെടുത്തിയുള്ള പഠനവും പരിശീലനവും.

നല്ല ഡോക്ടർ ആകുന്നതിനൊപ്പം നല്ല മനുഷ്യനുമാകണം എന്ന ആശയത്തോടെയാണ് സിലബസിൽ ധാർമ്മികതയ്ക്കും ആശയ വിനിയമത്തിൽ ഉൗന്നൽ നൽകുന്നത് അടുത്ത അദ്ധ്യയന വർഷം മുതൽ പുതിയ സിലബസ് പ്രാബല്യത്തിൽ വരുത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്

സിലബസിൽ കാലാനുസൃതമാറ്റങ്ങൾ വന്നാലും പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന യുവഡോക്ടർമാരുടെ മനോഭാവവും പെരുമാറ്റവും സമൂഹത്തിനണങ്ങുന്നതുതന്നെയാകുമോ എന്ന് മുൻവിധിയോടെ അനുമാനിക്കാനാവില്ല. വൈദ്യ വിദ്യാഭ്യാസ രംഗത്ത് നടപ്പിലായിക്കഴിഞ്ഞ വൻതോതിലുള്ള കച്ചവടവൽക്കരണമാണ് അതിന് കാരണം. അനേക ലക്ഷങ്ങൾ മുടക്കി സ്വാശ്രയ മെഡിക്കൽ കോളേജിൽ നിന്നുപഠിച്ചിറങ്ങുന്നയാളുടെ സാമൂഹ്യ പ്രതിബദ്ധത പരിഷ്കരിച്ച സിലബസ് പ്രകാരമാകണമെന്നില്ല. സിലബസ് പരിഷ്കരണത്തിനൊപ്പം മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന അനാശാസ്യ പ്രവണതകളും മുന്തിയറുപ്പൻ കച്ചവടവും അവസാനിപ്പിക്കാൻകൂടി നടപടി ഉണ്ടാകണം മുടക്കുമുതൽ തിരികെ ലഭിക്കണമെന്ന വാശി ഏത് കച്ചവടത്തിന്റെയും അടിസ്ഥാന തത്വമാണ്. മെഡിക്കൽ രംഗത്ത് ഇപ്പോൾ കാണുന്നത് അതാണ്. സിലബസ് മാറുന്നതുകൊണ്ടുമാത്രം ഡോക്ടർമാരുടെ മനോഭാവം മാറണമെന്നില്ല. സംവിധാനങ്ങളെ പൊതുവേ ബാധിച്ചിട്ടുള്ള മൂല്യച്യുതികളിൽനിന്ന് മെഡിക്കൽ രംഗം മാത്രം ഒഴിഞ്ഞുനിൽക്കണമെന്ന് എങ്ങനെ പറയാനാകും?