തിരുവനന്തപുരം: യുവമോർച്ചയുടെ യോഗത്തിൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള വ്യക്തമാക്കി.ശബരിമല സമരത്തെ പിന്തുണയ്ക്കണമെന്നത് പാർട്ടിയുടെ രാഷ്ട്രീയ തീരുമാനമാണ്. ജനസേവനമാണ് പാർട്ടികളുടെ ലക്ഷ്യം. ആ അർത്ഥത്തിൽ ജസേവനത്തിനുള്ള സുവർണാവസരമായി കാണണമെന്നാണ് പ്രസംഗിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
തന്ത്രിയുമായി സംസാരിച്ചത് വക്കീലും കക്ഷിയും എന്ന നിലയിലാണ്. അത് എന്താണെന്ന് പുറത്ത് പറയാനാകില്ല. കോടതിയലക്ഷ്യമാകുമോയെന്ന് അഭിഭാഷകനായ തന്നോട് ഒരാൾ ആരാഞ്ഞാൽ ഉപദേശം നൽകാൻ തനിക്ക് സ്വാതന്ത്ര്യമുണ്ട്. തന്റെ ഈ സഹായം ഉപയോഗപ്പെടുത്താത്ത ഒരു പാർട്ടിയും കേരളത്തിലില്ല. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ സി.പി.എമ്മുകാർ വക്കാലത്തിനായി തന്നെ സമീപിച്ചിരുന്നു.
സി.പി.എം അനുകൂലികളായ ചില മാദ്ധ്യമങ്ങളാണ് പ്രസംഗം വിവാദമാക്കിയത്. ശബരിമലയിൽ ഇതുവരെ കാണാത്ത ക്രൂരതയും മർദ്ദനങ്ങളും നടക്കുകയാണ്. അതിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനാണ് സി.പി.എം ഇല്ലാത്ത വിവാദമുണ്ടാക്കുന്നത്. ബി.ജെ.പിക്കെതിരെ മാദ്ധ്യമങ്ങൾക്ക് പ്രത്യേക അജണ്ടയുണ്ട്. ബി.ജെ.പി അദ്ധ്യക്ഷനോട് ചോദിച്ചിട്ടാണോ നട അടയ്ക്കുന്ന കാര്യം തന്ത്രി തീരുമാനിക്കുന്നതെന്ന ചോദ്യത്തിന്, അതൊക്കെ ദേവസ്വം ബോർഡിനോട് ചോദിക്കണമെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ മറുപടി.ദേവസ്വം ബോർഡിന്റെ കാര്യത്തിൽ സർക്കാർ ഇടപെടരുതെന്ന ഹൈക്കോടതിയുടെ നിർദ്ദേശം സി.പി.എമ്മിന്റെ മുഖത്തേറ്റ അടിയാണെന്നും പിള്ള പറഞ്ഞു.