ആറ്റിങ്ങൽ: അഭിധ രംഗസാഹിത്യവീഥിയുടെ ഡോ.ആർ. മനോജ് സ്‌മാരക സാഹിത്യ പുരസ്‌കാരത്തിന് കഥാകൃത്ത് കെ.വി. പ്രവീണിന്റെ ‘ഓർമ്മച്ചിപ്പ് ' എന്ന പുസ്‌തകം അർഹമായി. 5001 രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. കാസർഗോഡ് നീലേശ്വരം സ്വദേശിയായ കെ.വി. പ്രവീൺ യു.എസിൽ ഐ.ടി ജീവനക്കാരനാണ്. ജൂറിയുടെ പ്രത്യേക പരാമർശം നേടിയ ' നിഖാബ് ’ എന്ന ചെറുകഥാ സമാഹാരത്തിന്റെ രചയിതാവ് മുജീബ് റഹ്മാൻ കരുളായിയെ പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കും. മലപ്പുറം നിലമ്പൂർ സ്വദേശിയായ മുജീബ് റഹ്മാൻ കരുളായി മഞ്ചേരി കോടതി ജീവനക്കാരനാണ്. ഡോ.ആർ. ഗോപിനാഥൻ, എൻ. ഹരി, ഡോ. അനൂപ്. എസ്.കുമാർ, പ്രൊഫ. ഉഷാദേവി എന്നിവരടങ്ങിയ ജഡ്‌ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 15ന് ആറ്റിങ്ങലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.