muallapally-

തിരുവനന്തപുരം: വിവാദപ്രസംഗത്തിലൂടെ ശബരിമലയെ അയോദ്ധ്യയാക്കാനുള്ള നീക്കമാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബോധപൂർവം പ്രസ്‌താവന നടത്തിയ ശ്രീധരൻപിള്ളയ്ക്കെതിരെ കേസെടുക്കണം. സാമുദായിക കലാപത്തിനുള്ള നീക്കത്തെക്കുറിച്ചും ആലോചിക്കണം. അമിത് ഷായാണ് അജൻഡയ്‌ക്ക് രൂപം നൽകിയത്. ബി.ജെ.പിയുടെ ഗൂഢാലോചന മനസിലാക്കാൻ കഴിയാത്ത സംസ്ഥാന ഇന്റലിജൻസ് സംവിധാനം പൂർണ പരാജയമാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാൻ യോഗ്യതയില്ലെന്ന് മുഖ്യമന്ത്രി വീണ്ടും തെളിയിച്ചു.

സി.പി.എമ്മിനും ബി.ജെ.പിക്കും ശബരിമലയിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. പത്രലേഖകർക്കെതിരെയും ശ്രീധരൻപിള്ള ആരോപണം ഉന്നയിക്കുകയാണ്. ടി.പി. കേസുമായി ബന്ധപ്പെട്ട് പല സി.പി.എം നേതാക്കളും രഹസ്യങ്ങൾ കൈമാറിയിട്ടുണ്ടെന്നും അത് പറയിക്കരുതെന്നുമാണ് ശ്രീധരൻപിള്ളയുടെ മുന്നറിയിപ്പ്. അത്തരത്തിൽ എന്തെങ്കിലും തെളിവുകളുണ്ടെങ്കിൽ പൊതുപ്രവർത്തകനും രാഷ്ട്രീയപ്രവർത്തകനുമെന്ന നിലയിൽ പുറത്തുവിടണം.
ബി.ജെ.പി ഒരുക്കിയ കെണിയിൽ കോൺഗ്രസ് ഒരിക്കലും വീണിട്ടില്ല. ബി.ജെ.പിയും അവരുടെ പൂർവരൂപമായ ജനസംഘവുമായി ഒരു ബന്ധവുമുണ്ടാക്കിയിട്ടില്ലാത്ത മതേതര ജനാധിപത്യപാർട്ടിയാണ് കോൺഗ്രസ്. ആർ.എസ്.എസിനെ രണ്ടുതവണ നിരോധിച്ചതും കോൺഗ്രസാണ്. അതിൽ ഒരുതവണ നിരോധിച്ചത് അവർ 3000 കോടി രൂപ ചെലവാക്കി പ്രതിമ സ്ഥാപിച്ച സർദാർ വല്ലാഭായി പട്ടേലാണ്. നിലയ്‌ക്കലിൽ പൊലീസുകാർ വാഹനങ്ങൾ തകർത്തുവെന്ന് ഹൈക്കോടതി തന്നെ പറഞ്ഞു. ശബരിമലയിൽ മാദ്ധ്യമങ്ങൾക്കേർപ്പെടുത്തിയ നിയന്ത്രണവും ശരിയല്ല. സുപ്രീംകോടതിയുടെ പല വിധികളും പൊടിപിടിച്ച് കിടക്കുമ്പോൾ വികാരപരമായ വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടാണ് പ്രശ്‌നമുണ്ടാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.