kodiyeri

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയുടെ പ്രസംഗത്തിലൂടെ ഭരണഘടന അട്ടിമറിക്കാൻ നടന്ന ഗൂഢാലോചനയാണ് വെളിപ്പെട്ടതെന്ന് സി.പി.എം സംസ്ഥാന പ്രസിഡന്റ് കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. അതീവ ഗൗരവതരവും ഞെട്ടിക്കുന്നതുമായ പ്രസംഗത്തിനെതിരെ കടുത്ത നടപടിയുണ്ടാകണം. ശബരിമലയിൽ നടന്ന അക്രമസംഭവങ്ങളുടെ ഉത്തരവാദിയായ ശ്രീധരൻപിള്ളയെ പ്രതിയാക്കി കേസെടുത്ത് ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം. സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് സുപ്രീംകോടതിയടക്കമുള്ള ഉന്നത സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.

ശബരിമലയിലെ സമരം ബി.ജെ.പി ആസൂത്രണം ചെയ്‌തതാണെന്നാണ് വെളിപ്പെടുത്തലിന്റെ സാരം. ശബരിമല നട അടച്ചിടുമെന്ന തന്ത്രിയുടെ പ്രസ്‌താവന തന്നോട് ആലോചിച്ചിട്ടാണെന്നാണ് വെളിപ്പെടുത്തൽ. വിധി അട്ടിമറിക്കാനുള്ള ശ്രീധരൻപിള്ളയുടെ ഗൂഢാലോചന ഭരണഘടനാലംഘനമാണ്. നിയമവിരുദ്ധവും കുറ്റകരവുമായ നടപടിക്ക് തന്ത്രിയെ കരുവാക്കി. വിശ്വാസത്തിന്റെ പേരിൽ ആണയിടുന്ന രാഷ്ട്രീയകക്ഷിയാണ് അയ്യപ്പ ക്ഷേത്രം അടച്ചിടാനും പൂജ മുടക്കാനും ഗൂഢാലോചന നടത്തിയത്. രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി ഏതറ്റംവരെയും പോകും എന്നതിന്റെ തെളിവാണ് ഈ ‌സംഭവം. വിശ്വാസികൾ ഇതു തിരിച്ചറിയും. ശബരിമല സമരാഭാസം കേരളത്തിൽ ബി.ജെ.പിയുടെ ശവക്കുഴി തോണ്ടുമെന്നും കോടിയേരി പറഞ്ഞു.