youth-league

തിരുവനന്തപുരം: ഇന്റർവ്യൂവിന് ഹാജരാകാത്ത ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി ഡെപ്യൂട്ടേഷനിൽ നിയമിച്ച മന്ത്രി കെ.ടി.ജലീലിനെതിരെ വിജിലൻസ് അന്വേഷണത്തിന് വകുപ്പുണ്ട്. 1992 മേയ് 12ന് സർക്കാർ പുറപ്പെടുവിച്ച വിജിലൻസിന്റെ 65-92 ജി.ഒ (പി) പ്രകാരം സ്വജനപക്ഷപാതവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവും അന്വേഷണ പരിധിയിൽ വരും. എന്നാൽ പാർലമെന്റ് പാസാക്കിയ അഴിമതിനിരോധ നിയമത്തിലെ പുതിയ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാൻ ഉന്നതാധികാരിയുടെ അനുമതി വേണം. അതായത് മുഖ്യമന്ത്രിയുടെയോ ഗവർണറുടെയോ അനുമതിയില്ലാതെ ജലീലിനെതിരെ കേസെടുക്കുക അസാദ്ധ്യം.

കേസെടുക്കാൻ അനുമതി നൽകണമെന്ന് ആരെങ്കിലും ഗവർണർക്ക് പരാതി നൽകിയാൽ 90 ദിവസത്തിനകം തീരുമാനമെടുക്കേണ്ടതുണ്ട്. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചാൽ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാനാവും.

ഔദ്യോഗികപദവി ഉപയോഗിച്ച് സ്വന്തമായോ മറ്റാർക്കെങ്കിലുമോ ധനപരമോ അല്ലാത്തതോ ആയ നേട്ടമുണ്ടാക്കുന്നത് അഴിമതി നിരോധന നിയമ പ്രകാരം കുറ്റകരമാണ്. നിയമിക്കപ്പെട്ടയാൾക്ക് നിശ്ചിത യോഗ്യതയില്ലെങ്കിൽ അധികാരമുപയോഗിച്ച് അനർഹർക്ക് ആനുകൂല്യം നൽകിയെന്ന കുറ്റം ചുമത്തപ്പെടാം. പ്രാഥമികാന്വേഷണത്തിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ മന്ത്രിയെ പ്രതിയാക്കി വിജിലൻസിന് കേസെടുക്കേണ്ടിവരും. സ്വജനപക്ഷപാതം തെളിയിക്കപ്പെട്ടാൽ രണ്ടു മുതൽ അഞ്ചുവർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാം.

ബിസിനസ് റൂളിലെ 24-ാം ചട്ടപ്രകാരം, സ്വന്തം താത്പര്യം ഉൾപ്പെടുന്ന ഒരു ഫയലിലും മന്ത്രിമാർ തീരുമാനമെടുത്തുകൂടാ. ഫയൽ മുഖ്യമന്ത്രിക്ക് അയച്ചേ അന്തിമ തീരുമാനമെടുക്കാവൂ. ഇതാണ് ബന്ധു നിയമനത്തിലെ നിയമവശം. നേരത്തേ അപേക്ഷിക്കുകയോ അഭിമുഖത്തിൽ പങ്കെടുക്കുകയോ ചെയ്യാത്ത ബന്ധുവിനെ കെ.എസ്.ഐ.ഇ എം.ഡിയായി നിയമിച്ചതിനാണ് ഇ.പി.ജയരാജനെതിരെ കേസുണ്ടായത്. നിയമനം റദ്ദാക്കിയതിനാൽ ബന്ധുവിന് ആനുകൂല്യം ലഭിച്ചിട്ടില്ലെന്നും ഖജനാവിന് നഷ്‌ടമില്ലെന്നുമുള്ള ജയരാജന്റെ വാദം കോടതി അംഗീകരിച്ചിരുന്നു. പക്ഷേ, ജലീലിന്റെ ബന്ധു രണ്ടു മാസമായി ശമ്പളം വാങ്ങുന്നുണ്ടെന്നാണ് വിവരം.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നത നിയമനത്തിന് വിജിലൻസ് ക്ലിയറൻസും ദേശീയ തലത്തിലെ വിദഗ്ദ്ധരുൾപ്പെട്ട സമിതിയും വേണമെന്ന മന്ത്രിസഭാ തീരുമാനവും മറികടന്നാണ് ജലീൽ ബന്ധുവിനെ നിയമിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.