ramesh-chennithala

തിരുവനന്തപുരം: ശബരിമലയിൽ ഹീനമായ രാഷ്ട്രീയക്കളിയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയുടെ വാക്കുകളിലൂടെ തനിനിറം പുറത്തു വന്നു. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ആചാര ലംഘനത്തെക്കുറിച്ച് ദു:ഖിക്കുമ്പോൾ അത് സുവർണാവസരമായിട്ടാണ് ബി.ജെ.പി കണ്ടത്. ആചാര ലംഘനമോ വിശ്വാസ സംരക്ഷണമോ ബി.ജെ.പി കാര്യമാക്കുന്നില്ല. രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ലക്ഷ്യമെന്ന് പാർട്ടി അദ്ധ്യക്ഷൻ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഇതിന് ഒത്താശ ചെയ്തു കൊടുക്കുകയാണ് സംസ്ഥാന സർക്കാരും സി.പി.എമ്മും. സംഘർഷം വർദ്ധിപ്പിക്കാൻ ഇരുപക്ഷവും കിണഞ്ഞുശ്രമിച്ചു. ബി.ജെ.പിയെ ശക്തിപ്പെടുത്തുക വഴി മതേതര ജനാധിപത്യ ശക്തികളെ ദുർബലമാക്കാമെന്ന് സി.പി.എം കണക്കുകൂട്ടി. 'ഒടുവിൽ നമ്മളും ഭരണപക്ഷ പാർട്ടികളും മാത്രമാവും' എന്ന് ശ്രീധരൻപിള്ള പറഞ്ഞത് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ഒത്തുകളിക്ക് തെളിവാണ്. ഇതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ല. ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ട്.
വിശ്വാസി സമൂഹത്തോടൊപ്പം ഉറച്ചു നിന്നത് കോൺഗ്രസും യു.ഡി.എഫുമാണ്. അതുകൊണ്ടാണ് അച്യുതാനന്ദൻ സർക്കാരിന്റെ സത്യവാങ്മൂലം മാറ്റി 2016 ൽ ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കണമെന്ന സത്യവാങ്മൂലം യു.ഡി.എഫ് സർക്കാർ നൽകിയത്. അതിൽ കോൺഗ്രസും യു.ഡി.എഫും ഉറച്ചു നിൽക്കുന്നു.