gh

തിരുവനന്തപുരം: കലാ, കായിക മികവുകൾ പ്രകടിപ്പിക്കാൻ ഇനി തലസ്ഥാനവാസികൾക്ക് പ്രായം തടസമാകില്ല. യൗവനം പിന്നിട്ടാൽ അവസരം നഷ്ടപ്പെടുന്ന കായിക, കലാ പ്രതിഭകൾക്കായി നഗരസഭ സംഘടിപ്പിക്കുന്ന മാസ്റ്റേഴ്സ് സ്‌പോർട്സ് ആൻഡ് ആർട്സ് ഈ മാസം 17 മുതൽ 20 വരെ നടക്കും. സെൻട്രൽ സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവിടങ്ങളിൽ കായിക മത്സരങ്ങളും കോട്ടൺഹിൽ സ്‌കൂളിൽ കലാമത്സരങ്ങളും നടക്കും. നഗരസഭയുടെ ചരിത്രത്തിലാദ്യമായാണ് 35 വയസ് പിന്നിട്ടവർക്കായി മേള സംഘടിപ്പിക്കുന്നത്. ജനകീയാസൂത്രണ പദ്ധതി പ്രകാരം 5ലക്ഷം രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. നഗരസഭാ പരിധിയിലുള്ള റസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബുകൾ, മറ്റ് സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.

രജിസ്ട്രേഷൻ 14 വരെ

കലാ - കായിക മത്സരങ്ങൾ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ഈ മാസം 14 വരെ അപേക്ഷിക്കാം. നഗരസഭയിലെ വിദ്യാഭ്യാസ കലാ - കായിക സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ നേരിട്ടോ (corporationotfrivandrum.in) എന്ന ഇ - മെയിൽ മുഖേനയോ പേര് രജിസ്റ്റർ ചെയ്യാം. മത്സരാർത്ഥിയുടെ വയസ് നിശ്ചയിക്കുന്നത് 31.10.2018ന് പൂർത്തിയായ വയസിന്റെ അടിസ്ഥാനത്തിലായിരിക്കും. അത്‌ലറ്റിക്‌സിൽ ഒരു വ്യക്തിക്ക് റിലേ കൂടാതെ പരമാവധി മൂന്ന് വ്യക്തിഗത ഇനങ്ങളിൽ മാത്രമേ പങ്കെടുക്കാൻ കഴിയൂ. ഗ്രൂപ്പ് ഇനങ്ങൾക്ക് മുഴുവൻ ടീം അംഗങ്ങളുടെയും അപേക്ഷയും ജനന തീയതി, തിരുവനന്തപുരം നഗരസഭ മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷയും ടീം ക്യാപ്ടൻ ഒപ്പിട്ട ടീം അംഗങ്ങളുടെ പേര് വിവരം ഉൾപ്പെടുന്ന പ്രത്യേക ലിസ്റ്റ് എന്നിവയാണ് സമർപ്പിക്കേണ്ടത്. കലാ ഇനങ്ങൾക്ക് ഗ്രൂപ്പ് ഇനങ്ങൾ കൂടാതെ 3 വ്യക്തിഗത ഇനങ്ങളിൽ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ. അത്‌ലറ്റിക്‌സിൽ ഓട്ടം,ലോംഗ് ജമ്പ്, ഷോട്ട്പുട്ട്, ജാവലിൻ, റിലേ, ഷോട്ട്പുട്ട്, ജാവലിൻ,ഷട്ടിൽ മത്സരങ്ങൾ നടക്കും. നാടൻപാട്ട്, സംഘഗാനം, കഥാപ്രസംഗം, തെരുവ്നാടകം എന്നീ ഗ്രൂപ്പ് ഇനങ്ങളും പെയിന്റിംഗ്, വയലിൻ, ഗിറ്റാർ, തബല, ഫ്ളൂട്ട്, ലളിതഗാനം, മിമിക്രി, പദ്യപാരായണം, ശില്പനിർമ്മാണം തുടങ്ങിയ ഇനങ്ങളിലാണ് കലാമത്സരങ്ങൾ. അപേക്ഷാ ഫോറവും മത്സരങ്ങളുടെ വിശദാംശങ്ങളും നഗരസഭയുടെ വെബ്‌സൈറ്റിലും ർവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ഓഫീസിലും ലഭ്യമാണ്.

' ആയുർദൈർഘ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വയോജനങ്ങളുടെ ആരോഗ്യസംരക്ഷണവും സാംസ്‌കാരിക ഉന്നമനവും ലക്ഷ്യമിട്ടാണ് നഗരസഭ മാസ്റ്റേഴ്സ് സ്‌പോർട്സ് ആൻഡ് ആർട്സ് ആരംഭിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായ രീതിയിൽ മേള സംഘടിപ്പിക്കും '

- വി.കെ.പ്രശാന്ത്, മേയർ