കല്ലമ്പലം: കിളിമാനൂർ സബ് ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി പത്താംതവണയും കെ.ടി.സി.ടി ഹയർസെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ഹയർസെക്കൻഡറി ഹൈസ്‌കൂൾ തലങ്ങളിൽ എല്ലാവിഭാഗങ്ങളിലും കെ.ടി.സി.ടി ചാമ്പ്യൻമാരായി. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തിപരിചയം, ഐ.ടി തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഓവറോൾ നേടി. കെ.ടി.സി.ടി സ്‌കൂളിൽ നിന്നും പങ്കെടുത്ത 52കുട്ടികളിൽ 42 പേർ ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടി. ചാമ്പ്യൻമാരായ മുഴുവൻ വിദ്യാർത്ഥികളെയും കെ.ടി.സി.ടി കമ്മിറ്റി അനുമോദിച്ചു. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ്, കൺവീനർ എ. സൈനുലാബ്ദിൻ, പ്രിൻസിപ്പൽ ഡോ. അനുകൃഷ്ണൻ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എം.എൻ .മീര, സന്ദീപ്, ബി.ആർ. ബിന്ദു, ഫാജിദാബീവി എന്നിവർ സംസാരിച്ചു.