plastic-malinyam

കല്ലമ്പലം: നാവായിക്കും പഞ്ചായത്തിൽ പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ഇല്ലാത്തതിനാൽ പ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നതായി പരാതി. ദേശീയപാതയിൽ നാവായിക്കുളം, എതുക്കാട്, മങ്ങാട്ടുവാതുക്കൽ തുടങ്ങി കടമ്പാട്ടുകോണം വരെയും പറകുന്ന്, മുക്കുകട, പട്ടാളം മുക്ക്, പൈവേലിക്കോണം പ്രദേശങ്ങളിലെ ഇടറോഡുകളിലുമാണ്മാലിന്യക്കൂനകൾ ഉള്ളത്. കടകളിലും ചന്തകളിലും കാറ്ററിങ് സ്ഥാപനങ്ങളിലും നിന്നുള്ള മാലിന്യമാണ് ഇതിൽ ഭൂരിഭാഗവും. മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് റോഡരുകിലും ഒഴിഞ്ഞ പുരയിടങ്ങളിലും തള്ളുകയാണ് പതിവെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും പ്ലാസ്റ്റിക്ക് മാലിന്യം കെട്ടി കിടക്കുകയാണ്. സംസ്ക്കരണ യൂണിറ്റ് വന്നാൽ പ്ലാസ്റ്റിക് മാലിന്യം ഇല്ലാതെയാക്കാം. മഴക്കാലമായതോടെ പ്ലാസ്റ്റിക് മാലിന്യം തോടിലും കുളങ്ങളിലും ഒഴുകി നടക്കുകയാണ്. പഞ്ചായത്തിലെ കുളങ്ങളും തോടുകളുമെല്ലാം പ്ലാസ്റ്റിക് മാലിന്യം കൊണ്ടു നിറഞ്ഞു. അവ വൃത്തിയാക്കിയാലും പിന്നെയും മാലിന്യം വലിച്ചെറിയും. എന്നാൽ പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യാൻ നടപടികൾ തുടങ്ങിയതായി നാവായിക്കുളം പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.