dff

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനരധിവാസപ്രവർത്തനങ്ങളിൽ കൈത്താങ്ങേകാൻ പ്രവാസി മലയാളി ഗണിത ശാസ്ത്രജ്ഞൻ കേരളത്തിലുടനീളം ഹാഫ് മാരത്തൺ ഓടുന്നു. സർക്കാരിന് തന്റെ ഉടമസ്ഥതയിലുള്ള 20 സെന്റ്സ്ഥലം സംഭാവന ചെയ്ത ശേഷമാണ് എഴുപത്തൊന്നുകാരനായ ഡോ. ജോർജ് ആർ. തോമസിന്റെ ഈ യജ്ഞം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പ്രവാസികളോട് ആഹ്വാനം ചെയ്യുന്ന ഹാഫ് മാരത്തൺ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 8.30 ന് ഫ്‌ളാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന മാരത്തൺ കേരള-കർണാടക അതിർത്തിയിൽ ഡിസംബർ 6ന് അവസാനിക്കും. ഓരോ ദിവസവും 21 കിലോമീറ്ററാണ് ഓടുക. 27 കേന്ദ്രങ്ങളിലായി ഒരു ദിവസം പോലും മുടങ്ങാതെയാണ് ഓട്ടം.
കാൽ നൂറ്റാണ്ടോളം അമേരിക്കയിലും ചൈനയിലും ഗണിതാദ്ധ്യാപകനായിരുന്നു കനേഡിയൻ പൗരനായ ജോർജ്. ജന്മനാട് പ്രതിസന്ധി നേരിടുന്ന സമയത്ത് തന്നാലാകുന്ന സഹായം നൽകുകയാണ് മാരത്തണിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്. ലൈബ്രറി, അംഗൻവാടി, കുട്ടികളുടെ കളിസ്ഥലം, കാർ പാർക്കിംഗ് എന്നിവയ്ക്കായാണ് സ്വദേശമായ കടമ്പനാട്ട് 20 സെന്റ് സ്ഥലം സംഭാവനയായി നൽകുന്നത്.

പ്ലാസ്റ്റിക് കത്തിക്കുന്നതുകൊണ്ടുണ്ടാകുന്ന വിപത്തുകൾക്കെതിരെ ബോധവത്കരണം നടത്തുന്നതിനായി 2008ൽ കന്യാകുമാരി മുതൽ കർണാടകയിലെ മൂകാംബിക ക്ഷേത്രത്തിലേക്ക് ജോർജ് മാരത്തൺ നടത്തിയിട്ടുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും (കെ.എ.ടി.പി.എസ്) മഹീന്ദ്ര ആൻഡ് മഹീന്ദ്രയും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.