minister-jaleel-

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന ആരോപണത്തിൽ കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് സി.പി.എം. ഒരു വർഷ ഡെപ്യൂട്ടേഷൻ നിയമനം മാത്രമെന്നത് പിടിവള്ളിയാക്കി, അതിൽ അപാകതയില്ലെന്ന വിലയിരുത്തലിലാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും. എന്നാൽ, ജലീൽ വേണ്ടത്ര അവധാനതയോടെ വിവാദ നിയമനം കൈകാര്യം ചെയ്തില്ലെന്ന അഭിപ്രായം സി.പി.എം നേതൃത്വത്തിൽ പലർക്കുമുണ്ട്.

ലീഗ് നേതൃത്വം പരസ്യമായി രംഗത്ത് വരാത്തത് സർക്കാരിന് ആശ്വാസം നൽകുന്നുണ്ട്. യൂത്ത്ത്ത് ലീഗ് മാത്രമേ മന്ത്രിക്കെതിരെ തെരുവിലിറങ്ങിയിട്ടുള്ളൂ.

വിവാദമുയർന്നതിന് ശേഷം സി.പി.എം ഇക്കാര്യത്തിൽ ഔദ്യോഗികമായ കൂടിയാലോചനകളൊന്നും നടത്തിയിട്ടില്ല. 9ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്തേക്കും.

സർക്കാർ വകുപ്പിൽ നിന്നല്ലാതെയും ഡെപ്യൂട്ടേഷൻ നിയമനമാകാം എന്നാണ് ന്യായീകരണമായി പറയുന്നത്. അത് സർക്കാരിന്റെ വിവേചനാധികാരമാണ്. മുൻകാലങ്ങളിലെ ഡെപ്യൂട്ടേഷന്റെ ഉദാഹരണങ്ങൾ നിരത്തുന്നുമുണ്ട്. 2014ൽ പ്രവർത്തനം തുടങ്ങിയ ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ തന്നെ ഇത്തരം ഡെപ്യൂട്ടേഷൻ നിയമനങ്ങൾ മുമ്പും നടന്നിട്ടുണ്ടെന്നാണ് വാദം.

അതേസമയം, മന്ത്രി നൽകിയ വിശദീകരണങ്ങൾ പലതും സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്നതാണെന്ന ആക്ഷേപം സി.പി.എം കേന്ദ്രങ്ങളിൽ നിന്നുയരുന്നു. ഏഴ് അപേക്ഷകരിൽ അഭിമുഖത്തിന് ഹാജരായ മൂന്ന് പേർക്ക് യോഗ്യതയില്ലായിരുന്നെന്നാണ് ഒരു വാദം. എന്നാൽ, അവർ അഭിമുഖത്തിനെത്തും മുമ്പ് ഇക്കാര്യം തിരിച്ചറിയേണ്ടതല്ലേ എന്ന സംശയം ബാക്കിയാവുന്നു. ബാക്കി നാല് പേരുടെ അപേക്ഷകൾ നോക്കി അതിൽ ഒരേയൊരാൾക്ക് മാത്രമാണ് യോഗ്യത കണ്ടെത്തിയത്. യോഗ്യത എന്നത് കാര്യശേഷിയായി വിലയിരുത്തിക്കൂടേയെന്ന മറുചോദ്യം ഉയർത്തിയാണ് മന്ത്രിയെ ന്യായീകരിക്കുന്ന കേന്ദ്രങ്ങൾ ഇതിനെ പ്രതിരോധിക്കുന്നത്.

സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് ശമ്പളമോ അലവൻസുകളോ ഇല്ലാതെയാണ് കെ.ടി. അബീദ് ഈ പദവി സ്വീകരിക്കാനെത്തിയത്. ഗൂഢ താത്പര്യമുണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാൻ സർക്കാർ കേന്ദ്രങ്ങൾ ഇക്കാര്യവും ഉയർത്തിക്കാട്ടുന്നു. മറ്റ് അപേക്ഷകരാരും ഇതിൽ ആക്ഷേപമുന്നയിക്കാത്തിടത്തോളം സ്വജനപക്ഷപാതമാകില്ലെന്നും പറയുന്നു.

ബന്ധുനിയമന വിവാദത്തിൽ കുറ്റവിമുക്തനായി ഇ.പി. ജയരാജൻ മന്ത്രിസഭയിൽ തിരിച്ചെത്തിയ സാഹചര്യമുണ്ട്. ഇ.പി. ജയരാജന്റെ കേസിൽ നേരിട്ടുള്ള നിയമനമായിരുന്നെങ്കിൽ ജലീലിന്റെ കേസിൽ ഡെപ്യൂട്ടേഷൻ മാത്രമാണ്. നിയമന പ്രക്രിയയിൽ അപാകതയില്ലെന്നതിന് ന്യായമായി ഇതും ചൂണ്ടിക്കാട്ടുന്നു.

അതിനിടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവും യു.ഡി.എഫ് കൺവീനറുമടക്കം രംഗത്ത് വന്നു. നിയമസഭാ സമ്മേളനം അടുത്തിരിക്കെ, അവർ നിലപാട് കടുപ്പിക്കുമോയെന്ന് കണ്ടറിയണം. പ്രതിപക്ഷം ഇത് രാഷ്ട്രീയാക്രമണത്തിന് വലിയ ഇന്ധനമാക്കുകയാണെങ്കിൽ സി.പി.എമ്മിന് തലവേദന കൂടും. ഗൗരവമായ നടപടിക്ക് നേതൃത്വം നിർബന്ധിതമാവുകയും ചെയ്യും.