sreedharan-pilla

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ മറവിൽ വിശ്വാസികളെ ചവിട്ടിമെതിക്കാനുള്ള മാനസികാവസ്ഥയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ആരോപിച്ചു. ശബരിമല കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് നടയിൽ ആരംഭിച്ച അഖണ്ഡനാമജപ യജ്ഞത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനഹിതം കണക്കിലെടുത്ത് വേണം ഭരണകൂടം പ്രവർത്തിക്കേണ്ടത്. എന്നാൽ ഇവിടെ വിശ്വാസി സമൂഹത്തെ വെല്ലുവിളിക്കന്നു. കമ്മ്യൂണിസ്റ്റുകാർ പോയില്ലെങ്കിൽ എല്ലാ ആരാധനാലയങ്ങളും അടച്ചു പൂട്ടേണ്ടി വരുമെന്നു പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മലർന്നു കിടന്നു തുപ്പുകയാണ്.

ശബരിമലയിലേക്കു പോകുന്നവരെ എ.കെ.ജി താൻ രൂപീകരിച്ച ഗോപാലസേനയിൽ ചേരാൻ പ്രേരിപ്പിച്ചു. എന്നിട്ട് ഗോപാലസേനയ്ക്ക് എന്തു സംഭവിച്ചു? ക്ഷേത്രപ്രവേശന വിളംബരം സംബന്ധിച്ച നിയമം പ്രജാസഭയിൽ എത്തിയപ്പോൾ ഒരു വോട്ടിന് തോൽപ്പിച്ചത് ഒരു പ്രമുഖ നേതാവായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ആത്മീയത കേരളം നിരാകരിച്ചെന്ന് എഴുതിയത് ഇ.എം.എസാണ്. അങ്ങാടിപ്പുറം ക്ഷേത്ര സംരക്ഷണ സമരത്തിന്റെ പേരിൽ കേളപ്പജിയെ തള്ളിപ്പറഞ്ഞതും കമ്മ്യൂണിസ്റ്റുകാരാണ്. ഈ ചരിത്രമെല്ലാം ഓർമ്മവേണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.