മുൻ മന്ത്രി ടി.എം. ജേക്കബ് ഒാർമ്മയായിട്ട് ഏഴ് വർഷം പിന്നിടുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ ചെന്നു തട്ടുന്നത് നിയമസഭയിലെ തിളക്കമാർന്ന ഒരദ്ധ്യായത്തിന്റെ ചുവരുകളിലാണ്. മികവുറ്റ നിയമസഭാ സാമാജികൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രാഗല്ഭ്യത്തിന്റെയും നേട്ടങ്ങളുടെയും ചിത്രങ്ങൾ നിറയുന്നു ആ ചുവരുകളാകെ.
നിയമസഭാ പ്രവർത്തനം ജേക്കബിന് തപസ്യയായിരുന്നു. 1977 മുതൽ രണ്ടരപ്പതിറ്റാണ്ട് അദ്ദേഹമത് അനസ്യൂതം തുടർന്നു. നിയമസഭാ പ്രവർത്തനത്തെ ഗൗരവമായെടുക്കുകയും സഭാനടപടികളിൽ ആത്മാർത്ഥമായും സജീവമായും പങ്കെടുക്കുകയും ചെയ്തു അദ്ദേഹം. നിയമ നിർമ്മാണരംഗത്ത് മികച്ച സംഭാവനകൾ നൽകിയ സാമാജികരുടെ മുൻനിരയിലാണ് ടി.എം ജേക്കബിന്റെ സ്ഥാനം.
നിയമനിർമ്മാണം അദ്ദേഹത്തിന് അഭിനിവേശമായിരുന്നു. നിയമനിർമ്മാണത്തിനുള്ള ബിൽ കൈയിൽ കിട്ടിയാൽ പോരായ്മകൾ തീർത്ത് അന്യൂനമായൊരു നിയമമാക്കാൻ ഏതറ്റംവരെ പോകാനും അദ്ദേഹം മടിച്ചിരുന്നില്ല. ബില്ലുകളിലെ വകുപ്പുകളിലും വരികൾക്കിടയിലും പതിയിരിക്കുന്ന വിപത്തുകൾ ചികഞ്ഞെടുക്കുന്നതിനുള്ള വൈഭവവും ഒന്നുവേറെതന്നെ. കേരള പൊതുപ്രവർത്തക അഴിമതി അന്വേഷണ, നിരോധന ബില്ലിന് ഭേദഗതികൾ അവതരിപ്പിച്ച് രണ്ടരമണിക്കൂറോളം പൊരുതിയ അദ്ദേഹത്തിന്റെ പ്രസംഗം അതിന് ഉദാഹരണമാണ്.
1977-79 ലെ നിയമസഭയിൽ ഡേറ്റ് ഒഫ് കമൻസ്മെന്റ് വ്യക്തമാക്കാതെ ഒരു ബിൽ അവതരിപ്പിക്കപ്പെട്ടു. ഡേറ്റ് ഒഫ് കമൻസ്മെന്റ് ഇല്ലാതെ ബില്ലുകൾ കൊണ്ടുവരാൻ പാടില്ലെന്ന വാദവുമായി കോൺഗ്രസ് അംഗമായ എൻ.ഐ. ദേവസിക്കുട്ടി ബില്ലിനെ എതിർത്തു. സഭയിൽ കന്നിക്കാരനായിരുന്നെങ്കിലും നിയമസഭാ ലൈബ്രറിയിലെ രേഖകൾ പലതും ഹൃദിസ്ഥമാക്കിയ ജേക്കബിന് ഒരു സംശയം. ചില ബില്ലുകൾ ഡേറ്റ് ഒഫ് കമൻസ്മെന്റ് ഇല്ലാതെ സഭയിൽ വന്നിട്ടുണ്ടല്ലോ . വൈകിയില്ല, ലൈബ്രറിയിൽ പരതി ഡേറ്റ് ഒഫ് കമൻസ്മെന്റ് ഇല്ലാത്ത ആറ് ബില്ലുകളുമായി അദ്ദേഹം സഭയിലെത്തി. ഒരെണ്ണം ദേവസിക്കുട്ടി പിൻതാങ്ങിയതുമായിരുന്നു. ഇതോടെ ദേവസിക്കുട്ടിക്ക് എതിർപ്പും വാദവും ചുരുട്ടി വയ്ക്കേണ്ടിവന്നു.
തിരഞ്ഞെടുപ്പുകളിൽ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 വയസിൽനിന്ന് 18 വയസായി കുറച്ചത് അദ്ദേഹത്തിന്റെ പ്രവർത്തനത്തിലെ നാഴികക്കല്ലാണ്. കേരളത്തിൽ ഏർപ്പെടുത്താൻ ഉദ്ദേശിക്കപ്പെട്ട ജില്ലാ കൗൺസിൽ സംവിധാനത്തിനുവേണ്ടി, നിയമനിർമ്മാണത്തിനുള്ള ബിൽ 1978 മാർച്ചിൽ സഭയിൽ അവതരിപ്പിക്കപ്പെട്ടു. ജേക്കബ് ആ ബില്ലിന്മേൽ , ജില്ലാ കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസാക്കണമെന്ന ഭേദഗതി കൊണ്ടുവന്നു. അതിന്റെ ചുവട് പിടിച്ചായിരുന്നു പിന്നീട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും നിയമസഭകളിലേക്കും ലോക്സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകളിലും വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായപരിധി പതിനെട്ടാക്കിയത്.
വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ ചോദ്യോത്തര വേളയായ ഒരു മണിക്കൂർ സമയം മുഴുവനും ഒരൊറ്റ വിഷയത്തിന്മേലുള്ള ചോദ്യങ്ങൾക്ക് സഭയിലെ പ്രമുഖർക്കെല്ലാം മറുപടി നൽകി അദ്ദേഹം റെക്കാഡിട്ടു. വിവാദമായ പ്രീഡിഗ്രി ബോർഡിനെപ്പറ്റിയായിരുന്നു ചോദ്യങ്ങൾ. അന്നുതന്നെ അതേ വിഷയത്തിൽ അടിയന്തര പ്രമേയവും ശ്രദ്ധക്ഷണിക്കൽ ഉപക്ഷേപവും സബ്മിഷനുമെല്ലാം വകുപ്പ് മന്ത്രിയെന്ന നിലയിൽ കൈകാര്യം ചെയ്യേണ്ടിവന്നു. കോളേജുകളിൽ നിന്ന് പ്രീഡിഗ്രി കോഴ്സ് വേർപെടുത്താനുള്ള സംവിധാനത്തിനായി യു.ഡി.എഫ് മന്ത്രിസഭ തീരുമാനിച്ചതായിരുന്നല്ലോ പ്രീഡിഗ്രി ബോർഡ്. ഇതിനെ നഖശിഖാന്തം എതിർത്ത് വേണ്ടെന്ന് വയ്പിച്ച ഇടതുപക്ഷ മുന്നണി അധികാരത്തിൽ വന്നപ്പോൾ അത് പ്ളസ് ടു എന്ന കുപ്പായമിട്ട് നടപ്പാക്കേണ്ടിവന്നു.
1977ൽ 26-ാമത്തെ വയസിലാണ് ടി.എം. ജേക്കബിന്റെ നിയമസഭാ പ്രവേശം. 1982 മുതൽ മൂന്നു പ്രാവശ്യം മന്ത്രിയായ അദ്ദേഹം സമർത്ഥനായ ഭരണതന്ത്രജ്ഞനുമായിരുന്നു. വിദ്യാഭ്യാസം, ജലവിഭവം, സാംസ്കാരികം, ഭക്ഷ്യം എന്നിവയായിരുന്നു വഹിച്ചിരുന്ന പ്രധാന വകുപ്പുകൾ. മഹാത്മാഗാന്ധി സർവകലാശാല സ്ഥാപിക്കൽ, യൂത്ത് വെൽഫയർ വകുപ്പ് രൂപീകരണം, സ്കൂളുകളിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ, സാംസ്കാരിക വകുപ്പ് രൂപീകരണത്തിന് തുടക്കമിടൽ, ജലനയം, ഗ്രാമപ്രദേശങ്ങളിൽ കുടിവെള്ള വിതരണ ശൃംഖല, ജലസമ്പത്ത് സംരക്ഷണം, ജലധാരാ പദ്ധതി, എഴുത്തച്ഛൻ അവാർഡ്, ജെ.സി. ഡാനിയേൽ അവാർഡ്, സ്വാതി പുരസ്കാരം, ടെലിവിഷൻ പരിപാടികൾക്കുള്ള അവാർഡ്, നടനഗ്രാമം, അഞ്ച് ലക്ഷം പേർക്ക് റേഷൻ കാർഡ് വിതരണം എന്നിവ അദ്ദേഹത്തിന്റെ സംഭാവനകളാണ്.
ഭരണരംഗത്തെയും പാർലമെന്ററി രംഗത്തെയും പ്രാഗത്ഭ്യം അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. ടി.എം. ജേക്കബ് പക്വമതിയായിരുന്നു. തലക്കനമില്ല, വേഷത്തിൽ ലാളിത്യം, പെരുമാറ്റത്തിൽ ഒതുക്കം, വാക്കുകളിൽ മാന്യതയും മിതത്വവും, സമീപനത്തിൽ ആത്മാർത്ഥത, ആരോടും വിദ്വേഷമില്ലായ്മ, ക്ഷമാശീലം അതായിരുന്നു ടി.എം. ജേക്കബ്. അദ്ദേഹത്തെ വ്യത്യസ്തനായ പാർലമെന്റേറിയനാക്കിയത് മറ്റൊരു സവിശേഷതയാണ്. സഭാനടപടികളിലുള്ള തികഞ്ഞ പ്രതിബദ്ധത. ടി.എം. ജേക്കബ് ആ പ്രതിബദ്ധതയുടെ മാതൃകാപരമായ പ്രതീകമായിരുന്നു. നിയമസഭയിൽ കാൽനൂറ്റാണ്ടിന്റെ തിളക്കമായിരുന്ന അദ്ദേഹം മികച്ച പാർലമെന്റേറിയൻ, കഴിവുറ്റ ഭരണാധികാരി എന്നീ നിലകളിൽ സ്വജീവിതം അവിസ്മരണീയമാക്കിക്കൊണ്ടാണ് കഥാവശേഷനായത്.