നെയ്യാറ്റിൻകര / പാറശാല: വാഹന പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ മഫ്‌തിയിലെത്തിയ നെയ്യാറ്റിൻകര ഡിവൈ.എസ്.പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ചു. കൊടങ്ങാവിള കാവുവിള വീട്ടിൽ സനലാണ് (32) മരിച്ചത്. സംഭവ ശേഷം ഡിവൈ.എസ്.പി ഹരികുമാർ ഒളിവിലാണ്. ഇന്നലെ രാത്രി 11നായിരുന്നു സംഭവം. ഡിവൈ.എസ്.പി ഹരികുമാർ ജുവലറി ഉടമയായ കൊടങ്ങാവിള സ്വദേശി ബിനുവിന്റെ വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. സമീപത്തെ ഒരു വീടിന് മുന്നിൽ മറ്റ് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധം കാർ പാർക്കു ചെയ്‌ത ശേഷമാണ് ഡിവൈ.എസ്.പി പോയത്. കുറച്ച് കഴിഞ്ഞ് തിരിച്ചെത്തിയ ഡിവൈ.എസ്.പിയും സമീപവാസിയായ സനലും തമ്മിൽ ഇതു സംബന്ധിച്ച് വാക്ക് തർക്കമുണ്ടായി. മഫ്‌തിയിലായതിനാൽ ഡിവൈ.എസ്.പിയെ തിരിച്ചറിയാൻ സനലിന് കഴിഞ്ഞില്ല. തർക്കത്തിനിടെ ഡിവൈ.എസ്.പി ഹരികുമാർ സനലിനെ റോഡിലേക്ക് പിടിച്ച് തള്ളുകയായിരുന്നു. റോഡിലേക്ക് വീണ സനലിനെ മറ്റൊരു കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സനലിനെ നെയ്യാറ്റിൻകര പൊലീസും നാട്ടുകാരും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ ഡിവൈ.എസ്.പിയെ സുഹൃത്ത് ബിനു സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി. മാത്രമല്ല ഡിവൈ.എസ്.പിയുടെ കാറും മാറ്റി. പരിക്കേറ്റ യുവാവിനെ ഡിവൈ.എസ്.പി ആശുപത്രിയിലെത്തിച്ചില്ലെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും നാട്ടുകാർ കൊടങ്ങാവിളയിൽ ഇന്നലെ രാത്രി വൈകിയും റോഡ് ഉപരോധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി നെയ്യാറ്റിൻകര താലൂക്കിൽ ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താലിന് ആഹ്വാനം ചെയ്‌തു. മരിച്ച സനൽ ഇലക്ട്രീഷ്യനാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. കെ. ആൻസലൻ എം.എൽ.എ, റൂറൽ എസ്.പി അശോക്‌കുമാർ, വിഷ്ണുപുരം ചന്ദ്രശേഖരൻ, സുരേഷ് തമ്പി തുടങ്ങിയവർ സ്ഥലത്തെത്തി.