തിരുവനന്തപുരം: ശബരിമലയിൽ ആചാര ലംഘനമുണ്ടായാൽ നട അടച്ചിടുമെന്ന് പ്രഖ്യാപിക്കുംമുമ്പ് തന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ പ്രസ്താവനയിൽ തന്ത്രികുടുംബത്തിന് അതൃപ്തി ഉണ്ടെന്ന് സൂചന. സ്ത്രീപ്രവേശനത്തിനെതിരെ ഒറ്രക്കെട്ടായി നിന്ന് പ്രതിരോധമുയർത്തുന്നവരെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തിലായിപ്പോയി ശ്രീധരൻ പിള്ളയുടെ പ്രസ്താവന എന്നാണ് തന്ത്രികുടുംബം പറയുന്നതത്രേ. ഈ പരാതി അവർ സംഘപരിവാർ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
ശ്രീധരൻ പിള്ളയുടെ പരാമർശത്തോട് തികഞ്ഞ അതൃപ്തിയാണ് തന്ത്രി കണ്‌ഠര് രാജീവര് ഇന്നലെ പ്രകടിപ്പിച്ചത്. ഏത് വിധേനയും സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാരിനും സി.പി.എമ്മിനും ആയുധം നൽകുന്ന രീതിയിലായിപ്പോയി ശ്രീധരൻ പിള്ളയുടെ പ്രസംഗമെന്ന വിമർശനവും ചില ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
അതേസമയം, സമരമുഖത്ത് നിൽക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തി പ്രതിക്കൂട്ടിലാകുന്ന നടപടികൾ അവസാനിപ്പിക്കാൻ കേരളത്തിലെ ബി.ജെ.പി നേതാക്കളെ കേന്ദ്ര നേതൃത്വം ഉപദേശിച്ചതായും അറിയുന്നു. തന്ത്രിക്ക് താനാണ് ഉപദേശം കൊടുത്തതെന്ന സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ പരസ്യമായ അവകാശവാദം ഒഴിവാക്കാമായിരുന്നുവെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാടെന്നറിയുന്നു. ഇതു സംബന്ധിച്ച അതൃപ്തി പാർട്ടി സംസ്ഥാന സംഘടനാ സെക്രട്ടറിയെ കേന്ദ്ര നേതൃത്വം അറിയിക്കുമെന്നാണ് സൂചന.സമരത്തിന് പരിപൂർണമായ പിന്തുണയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം നൽകുന്നത്.
ശ്രീധരൻ പിള്ള പറഞ്ഞത്
ശബരിമലയിൽ യുവതികൾ എത്തിയപ്പോൾ തന്ത്രി എന്നെ വിളിച്ച് നടയടച്ചാൽ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചു. ഒരിക്കലും ഒറ്റയ്ക്കാവില്ലെന്നും ഞാനും പതിനായിരക്കണക്കിന് അയ്യപ്പഭക്തരും കൂടെയുണ്ടെന്നും ധൈര്യമായി മുന്നോട്ട് പോകാനും പറഞ്ഞു. അറംപറ്റിയ പോലെ എനിക്കും തന്ത്രിക്കുമെതിരെ കോടതിയലക്ഷ്യക്കേസ് വന്നു. അതിൽ ഞാൻ അഭിമാനിക്കുന്നു.
ചരിത്രത്തിൽ ബി.ജെ.പിയുടെ ഏറ്റവും വലിയ സുവർണാവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. നമ്മൾ ഒരു അജൻഡ മുന്നോട്ടുവച്ചു. ആ അജൻഡയിൽ ഓരോരുത്തരായി അടിയറവു പറഞ്ഞു.
ഇനി അവശേഷിക്കുക, നമ്മളും എതിരാളിയായ ഭരണകക്ഷി പാർട്ടിയും മാത്രമായിരിക്കും''
(കഴിഞ്ഞ ദിവസം യുവമോർച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ പറഞ്ഞത്)