bridge

കിളിമാനൂർ : റോഡുകൾക്ക് മാത്രം വികസനം മതിയോ? റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങൾക്ക് വികസനം നിഷിദ്ധമോ?.- ചോദ്യം നാട്ടുകാരുടേതാണ്. കോടികൾ മുടക്കി റോഡ് നിർമ്മാണവും, നവീകരണവും ഒക്കെ തകൃതിയായി നടക്കുമ്പോൾ, ഈ റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലങ്ങളുടെ വികസനവും, നവീകരണവും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. ആറ്റിങ്ങൽ മണ്ഡലത്തിൽ സംസ്ഥാന പാതയിലേക്ക് ബന്ധിപ്പിക്കുന്ന ഇടറോഡുകളിലെ പാലങ്ങൾ പലതും കാലപ്പഴക്കം മൂലം നാശത്തിന്റെ വക്കിലാണ്. റോഡുകൾ അത്യാധുനിക രീതിയിൽ വീതി കൂട്ടിയും രണ്ടുവരി പാതയായും റബറൈസ്ഡ് ടാറിംഗ് നടത്തി അടിപൊളിയാക്കുമ്പോഴും പാലങ്ങളെ അധികൃതർ അവഗണിക്കുകയാണ്.

ജനസംഖ്യാ വർദ്ധന, വാഹനപ്പെരുപ്പം എന്നിവ പാലങ്ങളുടെ ദുർഗതിക്ക് വഴിതെളിച്ചു. ഭൂരിഭാഗം പാലങ്ങളുടെയും അവസ്ഥ നിലവിൽ ഗുരുതരമാണ്. ഇത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർക്ക് യാതൊരു കുലുക്കവും ഇല്ല. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് പണി കഴിപ്പിച്ച പാലങ്ങൾ വരെ ഇവിടെയുണ്ട്. റോഡു നവീകരണത്തോടൊപ്പം കാലപ്പഴക്കം കൊണ്ടും സ്ഥലപരിമിതികൊണ്ടും ബുദ്ധിമുട്ടുന്ന ഈ പാലങ്ങളുടെ നവീകരണത്തിന് കൂടി അധികൃതർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.