water-authority

തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടിയിൽ ഫിനാൻസ് മാനേജർ തസ്തികയിൽ നിയമനം നടത്താത്തത് പ്രവർത്തനം അവതാളത്തിലാക്കി. ഒരു വർഷം മുമ്പാണ് മാനേജർ വിരമിച്ചത്. ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയും രണ്ട് വർഷമായി ഒഴിഞ്ഞുകിടക്കുന്നു. നെറ്റ്‌വർക്ക് തകരാറിലായതുകാരണം പല ഓഫീസുകളിലെയും പ്രവർത്തനം ദീർഘനാളായി അവതാളത്തിലായിരുന്നു. കഴിഞ്ഞ ആഴ്ച അത് പരിഹരിച്ചെങ്കിലും പല ഓഫീസുകളിലെയും കമ്പ്യൂട്ടറുകൾ ഇപ്പോഴും തകരാറിലാണ്.


ജീവനക്കാരുടെ ശമ്പളം,​ ഓവർടൈം,​ പി.എഫ്​ ആനുകൂല്യങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യേണ്ടത് ഫിനാൻസ് മാനേജരാണ്. മാനേജർക്കു പുറമേ സീനിയർ എൻജിനിയറും കൂടി ഉൾപ്പെടുന്ന സമിതിയാണ് ധനപരമായ കാര്യങ്ങൾ തീരുമാനിക്കുക. മാനേജരില്ലാത്തതിനാൽ പി.എഫ് കിട്ടാനും വൈകുന്നു. സാധാരണ രണ്ടാഴ്ച മുതൽ ഒരു മാസത്തിനുള്ളിൽ പി.എഫ് ആനുകൂല്യം ലഭിക്കേണ്ടതാണ്. എന്നാൽ,​ ശമ്പളം മുടങ്ങുന്ന സ്ഥിതി ഇതുവരെ ഉണ്ടായിട്ടില്ല. മാനേജരുടെ നിയമനം പി.എസ്.സി വഴി ആയതിനാൽ അപേക്ഷ ക്ഷണിച്ച് പരീക്ഷയും ഇന്റർവ്യൂവിനും ശേഷമെ നിയമനം നടത്താനാകൂ. ഇതിന് ഒരു വ‌ർഷത്തോളമെടുക്കും. അതുവരെ വേണമെങ്കിൽ ഡെപ്യൂട്ടേഷനിൽ സർക്കാരിന് നിയമനം നടത്താം.

വാട്ടർ അതോറിട്ടിയുടെ ഫണ്ട്, ഗ്രാന്റ് വിനിയോഗം എന്നിവയും താളംതെറ്റി. ആഭ്യന്തര ഓഡിറ്റിംഗും പ്രതിസന്ധിയിലായി. ഓരോ ഓഫീസിലെയും വരവ്, ചെലവ് സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നത് ആഭ്യന്തര ഓഡിറ്റിംഗിലൂടെയാണ്. ഫിനാൻസ് മാനേജരില്ലാത്തത് ഇന്റേണൽ ഓഡിറ്റിംഗിനെയും സാരമായി ബാധിച്ചു.

വ്യാപക ക്രമക്കേടുകൾ

പലയിടത്തും പുതിയ വാട്ടർ കണക്‌ഷ‌ൻ നൽകുമ്പോൾ ലഭിക്കേണ്ട തുകയിലും കുടിശികയായി പിരിഞ്ഞുകിട്ടുന്ന തുകയിലും വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ട്. ഇത്തരത്തിൽ ക്രമക്കേട് നടത്തിയതിനെ തുടർന്ന് സെൻട്രൽ സബ് ഡിവിഷനിലെ ജൂനിയർ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തിരുന്നു. അടിയന്തരമായി മാനേജരെ നിയമിക്കണമെന്ന് എം.ഡിയോട് ആവശ്യപ്പെടാൻ യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്.


''ഫിനാൻസ് മാനേജരില്ലാത്ത സ്ഥിതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മാനേജരുടെ നിയമനത്തിന് നടപടികൾ സ്വീകരിച്ച് വരുന്നു

- മന്ത്രി മാത്യു ടി. തോമസ്