പദ്ധതിയുടെ പുറത്ത് അടയിരിക്കുന്നതിനു പകരം ഭാവിയിലെ ആവശ്യങ്ങൾ കൂടി കണ്ടറിഞ്ഞ് പ്രായോഗിക തീരുമാനമെടുത്തിരുന്നുവെങ്കിൽ തലസ്ഥാന നഗരിയിൽ ഇതിനകം ലൈറ്റ് മെട്രോ പാതയിൽ ട്രെയിനുകൾ ഓടിത്തുടങ്ങേണ്ടതായിരുന്നു. പാഴാക്കിയ വർഷങ്ങളെക്കുറിച്ചോർത്ത് മനസ്താപപ്പെടാനേ ഇനി കഴിയൂ. രാജ്യത്തെവിടെയും മെട്രോ നിർമ്മാണത്തിൽ സുപ്രധാന പങ്കു വഹിച്ചിട്ടുള്ള പ്രഗല്ഭനായ ഇ. ശ്രീധരന്റെ ആശയങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടാണ് തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലൈറ്റ് മെട്രോ പദ്ധതികൾക്ക് ഉദ്യോഗസ്ഥ ലോബി തടസങ്ങൾ തീർത്തത്. പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരൻ മുന്നോട്ടുവച്ച റിപ്പോർട്ട് പ്രായോഗികമല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. സർക്കാരും ഇവർ സൃഷ്ടിച്ച ദൂഷിത വലയത്തിൽ കുരുങ്ങിയതോടെ ലൈറ്റ് മെട്രോ ആകാശകുസുമമായി മാറുകയും ചെയ്തു. എല്ലാ അനുകൂല ഘടകങ്ങളും ഒത്തുവന്നിട്ടും തലസ്ഥാന നഗരി പ്രതീക്ഷയോടെ കാത്തിരുന്ന മെട്രോ പദ്ധതി അകന്നകന്നു പോവുകയായിരുന്നു. മെട്രോകൾ രാജ്യത്ത് ഒരിടത്തും ലാഭകരമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഉദ്യോഗസ്ഥലോബി പദ്ധതിക്കെതിരെ ശബ്ദമുയർത്തിയത്. ലാഭമല്ല മെട്രോ കൊണ്ട് ലക്ഷ്യമിടുന്നതെന്നത് അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമാണ്. നഗരങ്ങളിലെ ദുസ്സഹമായ ഗതാഗതക്കുരുക്കിനു ഉചിതമായ പരിഹാരമെന്ന നിലയ്ക്കാണ് രാജ്യത്ത് മെട്രോകൾ വരാൻ തുടങ്ങിയത്. യാത്രക്കാരുടെ എണ്ണം ഗുണിച്ചും ഹരിച്ചുമൊക്കെ ലാഭനഷ്ടം വിലയിരുത്താൻ പോയാൽ ഒരിടത്തും മെട്രോ പിറവിയെടുക്കില്ലായിരുന്നു.മെട്രോ പദ്ധതിയിലൂടെ സൃഷ്ടിക്കാവുന്ന മറ്റ് നേട്ടങ്ങൾ അനവധിയാണ്. പുതിയൊരു ഗതാഗത സംസ്കാരം ജനങ്ങളിലെത്തുന്നു എന്നതു തന്നെയാണ് ഏറ്റവും പ്രധാനം. നഗരങ്ങളുടെ മുഖച്ഛായ തന്നെ മാറ്റാൻ അത് സഹായിക്കും. മെട്രോ പാതകൾക്കിരുവശവും പുതിയ പുതിയ വികസന പദ്ധതികൾ വരും. എല്ലാറ്റിനുമുപരി റോഡുകളിലെ വാഹനത്തിരക്കും ഒരു പരിധി വരെ കുറയ്ക്കാനാകും.
മൂന്നു വർഷം മുൻപ് ഇ. ശ്രീധരൻ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ അന്തിമ രൂപരേഖ സമർപ്പിക്കുമ്പോൾ ചെലവ് 6728 കോടി രൂപയാണു കണക്കാക്കിയിരുന്നത്. സർക്കാരിന്റെ ഉദാസീന സമീപനം കാരണം പദ്ധതി പരണത്തായതോടെ മൂന്നുവർഷം കൊണ്ട് ചെലവ് 7446 കോടി രൂപയായി കുതിച്ചുയർന്നു. 718 കോടി രൂപയുടെ ഈ അധികച്ചെലവ് അപ്പാടെ ഒഴിവാക്കാമായിരുന്നതാണ്. ഉദ്യോഗസ്ഥ ലോബിയുടെ ദുരുപദേശത്തിന് സർക്കാർ ചെവികൊടുത്തതുകൊണ്ടുമാത്രം സംഭവിക്കുന്നതാണ് ഈ അധികച്ചെലവ്. പദ്ധതി പുനരുജ്ജീവിപ്പിക്കാൻ നടപടി ഉണ്ടാകുമ്പോൾ യഥാർത്ഥ ചെലവ് എവിടെ എത്തുമെന്ന് പറയാനാകാത്ത സ്ഥിതിയുമുണ്ട്. അറിഞ്ഞുകൊണ്ടു വരുത്തിവച്ചതാണ് ഈ പാഴ്ചെലവ്.
ഇ. ശ്രീധരന്റെ പദ്ധതി റിപ്പോർട്ടിൽ തൃപ്തരാകാതെ സർക്കാർ നിയോഗിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമിതി സുദീർഘമായ പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ടിലും അടിസ്ഥാന മാറ്റങ്ങളൊന്നുമില്ലെന്നുള്ളതാണ് രസാവഹമായ കാര്യം. പള്ളിപ്പുറത്തു നിന്ന് കരമന വരെ 22 കിലോമീറ്റർ ദൈർഘ്യത്തിലുള്ള തിരുവനന്തപുരം ലൈറ്റ് മെട്രോ നിലവിലുള്ള സാഹചര്യത്തിൽ ഏറെ അനുയോജ്യം തന്നെ എന്നാണ് ഐ.എ.എസ് സമിതിയുടെയും നിഗമനം. ഏറ്റവും തിരക്കേറിയ റൂട്ടായതിനാൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന ആശങ്കയും വേണ്ട. യാത്രക്കാർ വേണ്ടത്ര ഉണ്ടാകാനിടയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഉദ്യോഗസ്ഥർ ലൈറ്റ് മെട്രോക്കെതിരെ ചുവപ്പുകൊടി വീശിയത്. ഇ. ശ്രീധരന്റെ റിപ്പോർട്ടിൽ രണ്ട് ലൈറ്റ് മെട്രോകളിലുമായി പ്രതിദിനം രണ്ടരലക്ഷം യാത്രക്കാരെ കണക്കാക്കിയിരുന്നു. യാത്രക്കാരുടെ എണ്ണം വച്ചുകൊണ്ട് മെട്രോയുടെ സാദ്ധ്യതകൾ നിർണയിക്കുന്നതിലെ അശാസ്ത്രീയത ഇപ്പോൾ ഉദ്യോഗസ്ഥ സമിതിക്കും ബോദ്ധ്യമായിട്ടുണ്ടെന്നാണു സൂചന. അവർ നൽകിയ റിപ്പോർട്ടിലും മെട്രോയുടെ മറ്റു ഗുണവിശേഷങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുള്ളത് സ്വാഗതാർഹമായ മാറ്റമാണ്. ടിക്കറ്റ് വരുമാനത്തിലൂടെ അല്ലാതെ മറ്റു തരത്തിൽ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ടെന്നാണ് സൂചന. മുൻപ് എതിർപ്പുണ്ടായിരുന്ന പല നിർദ്ദേശങ്ങളും ഇപ്പോൾ അംഗീകരിക്കുന്നുമുണ്ട്. നിലപാടിലെ ഈ മാറ്റങ്ങൾ മെട്രോ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമാണ് തുറക്കുന്നത്.
ഇനിയും ഇട്ടുനീട്ടാതെ രണ്ട് ലൈറ്റ് മെട്രോ പദ്ധതികളുടെയും അന്തിമ റിപ്പോർട്ടുകൾ കേന്ദ്രത്തിനു സമർപ്പിച്ച് അനുമതി വാങ്ങാനുള്ള ശ്രമമാണ് ഇനി വേണ്ടത്. സംസ്ഥാന സർക്കാർ അതിനാവശ്യമായ തീരുമാനമെടുക്കണം. ദാ എത്തിപ്പോയി എന്ന പ്രതീതി സൃഷ്ടിച്ച് വർഷങ്ങളായി മോഹിപ്പിക്കുന്ന പദ്ധതിയാണിത്. തിരുവനന്തപുരം നഗരത്തിലെ യാത്രാക്ളേശം വച്ചു നോക്കുമ്പോൾ എന്നേ നടപ്പിൽ വരേണ്ട പദ്ധതിയാണിത്. മെട്രോയുടെ കോച്ചുകൾക്കു പോലും ഓർഡർ നൽകിക്കഴിഞ്ഞു എന്നാണ് കേട്ടിരുന്നത്. അതിനിടയ്ക്കാണ് എല്ലാം പാളം തെറ്റിയത്. സർക്കാരിന് വിശ്വാസമുള്ള ഐ.എ.എസ് സമിതി ഇപ്പോൾ അനുകൂല റിപ്പോർട്ട് സമർപ്പിച്ച സ്ഥിതിക്ക് പദ്ധതി നടപ്പാക്കാനാവശ്യമായ ക്രിയാത്മക നടപടികളുമായി സർക്കാർ മുന്നോട്ടു പോകണം. ഇപ്പോൾത്തന്നെ ഒരുപാടു സമയം നഷ്ടപ്പെടുത്തി. ഇനി അത് ഉണ്ടാകരുത്. പദ്ധതി നഷ്ടപ്പെടാൻ ഇടയാകില്ല എന്ന സർക്കാരിന്റെ പഴയ ഉറപ്പ് ഇപ്പോഴും അതേപടി ഉണ്ട്. നഗരവാസികളുടെ പ്രതീക്ഷയും അതിലാണ്.